അഗർത്തല: കുടുംബ കലഹത്തെത്തുടർന്ന് ഭാര്യയെ അടിച്ചു കൊന്നു. ശേഷം യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ത്രിപുരയിലെ വെസ്റ്റ് ത്രിപുര ജില്ലയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. പിറ്റേന്ന് ഉച്ച വരെ മൃതദേഹത്തിനടുത്ത് കഴിഞ്ഞതിനു ശേഷമാണ് യുവാവ് പൊലീസ് സ്റ്റേഷനിലെത്തിയത്. പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ശ്യാംലാൽ ദാസ് എന്ന 40കാരനാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. ഭാര്യ സ്വപ്നയെ കുടുംബ കലഹത്തെ തുടർന്ന് താൻ തലയ്ക്കടിച്ച് കൊന്നെന്ന് പൊലീസുകാരെ അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു ഈ സംഭവം. ചില വീട്ടുകാര്യങ്ങൾ പറഞ്ഞ് വഴക്കുണ്ടായി ഒടുവിൽ ഭാരമുള്ള വസ്തു ഉപയോഗിച്ച് തലയ്ക്കടിച്ച് സ്വപ്നയെ കൊല്ലുകയായിരുന്നു. രാത്രി കൊലപാതകം നടത്തിയ ശേഷം പിറ്റേ ദിവസം ഉച്ച വരെ മൃതദേഹവുമായി ശ്യാംലാൽ ദാസ് വീട്ടിൽ കഴിഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 1.20ഓടെയാണ് പൊലീസ് സ്റ്റേഷനിലെത്തി കാര്യം പറയുന്നത്.
വിവരമറിഞ്ഞ ഉടൻ ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥർ ഇയാളുടെ വീട്ടിലെത്തി. ഭാര്യ വീട്ടിൽ രക്തത്തിൽ കുളിച്ച് കിടക്കുകയാണെന്നായിരുന്നു ഇയാൾ പറഞ്ഞത്. വീട്ടിൽ നിന്ന് മൃതദേഹം കണ്ടെടുത്തതിന് ശേഷം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ശ്യാംലാൽ ദാസിനെ അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനകൾക്കായി അയച്ചിരിക്കുകയാണ്. വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്
