ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച്ച ( ജൂലൈ 25) അവധിയായിരിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണെന്നും കളക്ടര്‍ അറിയിച്ചു.
അതെ സമയം, നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ 6 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി കോട്ടയം, പത്തനംതിട്ട കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കേരളാ തീരത്ത് 60 കി.മീ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കാസർകോട്, കണ്ണൂർ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്.
പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട ‘വിഫ’ ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയായി ദുർബലമായി ഇന്ന് വടക്കൻ ബംഗാൾ ഉൾക്കടലിലേക്കു പ്രവേശിച്ചേക്കുമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർന്ന് ഇതു ന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും. കേരളത്തിൽ വരുന്ന 5 ദിവസം ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളത്തിൽ നിന്ന് 27 വരെ മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്നും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
