കാഞ്ഞങ്ങാട് : നഷ്ടപ്പെട്ടു പോയ ഫോൺ തിരിച്ചു കിട്ടില്ലെന്ന ഉറപ്പിച്ചവർക്ക് ഫോണുകൾ കണ്ടെത്തി നൽകി ഹൊസ്ദുർഗ് പൊലീസ്. സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ 2 വർഷത്തിനിടെ 100 ഫോണുകളാണ് കണ്ടെത്തി ഉടമസ്ഥന് തിരിച്ചു നൽകിയത്. യാത്രക്കിടയിലും ജോലി സ്ഥലത്തും നഷ്ടമായ ഫോണുകളാണ് ഇത്തരത്തിൽ ഉടമസ്ഥർക്ക് തിരിച്ചു കിട്ടിയത്.
പലരും നഷ്ടപ്പെട്ട ഫോൺ ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് കരുതി ഇരിക്കുമ്പോൾ ആയിരിക്കും ഹൊസ്ദുർഗ് പൊലീസിൽ നിന്നു വിളി എത്തുന്നത്. ‘നിങ്ങളുടെ ഫോൺ തിരിച്ചു കിട്ടിയിട്ടുണ്ട്’ എന്നായിരിക്കും മറുതലയ്ക്കൽ നിന്നുള്ള സന്ദേശം.കിട്ടിയ പരാതിയിൽ നടത്തുന്ന കൃത്യമായ അന്വേഷണമാണ് ഫോണുകൾ തിരികെ കിട്ടാൻ കാരണം. സൈബർ സെല്ലിന്റ കാര്യക്ഷമമായ പ്രവർത്തനവും ഇതിന് സഹായിക്കുന്നു.ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ കെ.പി.ഷൈനിന്റെ മേൽനോട്ടത്തിൽ സിവിൽ പൊലീസ് ഓഫിസർ ആയ അനീഷ് ആണ് മോഷണം പോയ ഫോണിന്റെ ലൊക്കേഷൻ കണ്ടെത്തുന്നത്.ഇതുവഴി ഫോൺ ഉപയോഗിക്കുന്ന ആളെ കണ്ടെത്തുകയും ചെയ്യുന്നു. പിന്നീട് കണ്ടെത്തിയ ഫോൺ ഉടമസ്ഥനെ വിവരം അറിയിച്ച് ഉടൻ തന്നെ തിരികെ ഏൽപ്പിക്കുകയും ചെയ്യുന്നു.
