കൊൽക്കത്ത: പശ്ചിമബംഗാള്‍ കൊൽക്കത്തയിലെ ചേരിയിൽ വൻ തീപിടിത്തം.നർക്കെൽദംഗ മേഖലയിലാണ് സംഭവം. അപകടത്തിൽ ഒരാൾ മരണപ്പെട്ടു. 65കാരനായ ഹബീബുള്ള മൊല്ലയാണ് മരിച്ചത്. പ്രദേശത്ത് നിരവധി കുടിലുകളും കത്തിനശിച്ചിട്ടുണ്ട്. അഗ്നിശമന സേനയെത്തി തീയണച്ച ശേഷമാണ് ഹബീബുള്ളയുടെ മൃതദേഹം കണ്ടെത്തിയത്.
200ഓളം കുടിലുളാണ് പ്രദേശത്ത് ഉണ്ടായിരുന്നത്. ഇതിൽ 60ലധികം കുടിലുകൾ പൂർണമായും കത്തിനശിച്ചു. പതിനേഴ് അഗ്നിശമനസേനാ യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. രാവിലെ 10 മണിയോടെ ആളിപ്പടർന്ന തീ വൈകീട്ട് മൂന്ന് മണിയോടെയാണ് അണയ്ക്കാനായത്.
കുടിലുകളിലൊന്നിൽ പെട്ടെന്ന് തീയുണ്ടാകുന്നതും സെക്കന്റുകൾ കൊണ്ട് മറ്റ് കുടിലുകളിലേക്ക് പടർന്ന് പിടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. സംഭവം അഗ്നിശമന സേനാംഗങ്ങളെ അറിയിച്ചിരുന്നുവെന്നും എന്നാൽ സംഘം ഒരു മണിക്കൂറിന് ശേഷമാണ് എത്തിയതെന്നും പ്രദേശവാസികൾ പറയുന്നു. പ്രദേശത്ത് നിരവധി ഗോഡൗണുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ പ്ലൈവുഡ്, പേപ്പർ ഉൾപ്പെടെയുള്ളവ ടൺ കണക്കിനാണ് ശേഖരിച്ചിരിക്കുന്നത്. ഇവ തീപിടിക്കാൻ സാധ്യതയുള്ളതാണെന്നും എന്നാൽ പൊലീസ് പരിശോധനയ്ക്ക് എത്താറില്ലെന്നും പ്രദേശവാസികൾ ആരോപിച്ചു.