താമരശ്ശേരിയിൽ ലഹരി ഉപയോഗിച്ച് ഭാര്യയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

കോഴിക്കോട്: താമരശ്ശേരിയിൽ ലഹരി ഉപയോഗിച്ച് ഭാര്യയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പനംതോട്ടത്തില്‍ നൗഷാദി നെയാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തിരുന്നു. ബിഎന്‍എസിലെ വിവിധ വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് പ്രതിക്കെതിരെ കേസ് എടുത്തിരുന്നത്. പിന്നാലെയാണ് നാട്ടിൽ നിന്നും നൗഷാദിനെ അറസ്റ്റ് ചെയ്തത്. കുട്ടിയെ മർദ്ദിച്ചത് അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. താമരശ്ശേരി അമ്പയത്തോട് സ്വദേശി നസ്ജയും മകളുമാണ് ക്രൂര മർദനത്തിന് ഇരയായത്.


രാത്രിയിൽ ഭർത്താവ് മർദിച്ചതിനെ തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു ഇവർ. പൊലീസ് സഹായത്തോടെ യുവതിയുടെയും കുട്ടികളുടെയും വസ്ത്രങ്ങളും മറ്റു സാധനങ്ങളും വീട്ടിൽ നിന്നും കൊണ്ടുവന്നിട്ടുണ്ട്. നൗഷാദ് ലഹരിക്ക് അടിമയാണെന്നും നിരന്തരം വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ആളാണെന്നും നാട്ടുകാർ പറഞ്ഞു. നൗഷാദ് നസ്ജയെ വീടിന് അകത്തു വച്ച് തലക്കും ദേഹത്തും മർദിച്ചു. ഇതിന് പിന്നാലെ വെട്ടിക്കൊല്ലുമെന്ന് പറഞ്ഞു കൊടുവാളുമായി വീടിന് ചുറ്റും ഓടിച്ചു.

അമ്മ ഓടുന്നത് കണ്ട് അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ എട്ട് വയസുകാരി മകൾക്കും പ്രതിയുടെ മർദ്ദനമേറ്റു. കുട്ടിയെ മർദിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച ഭർതൃ മാതാവിനും പരിക്കേറ്റു. രാത്രി 10 മണിക്ക് ആരംഭിച്ച മർദനം രണ്ട് മണിക്കൂറോളം നീണ്ടു. ഇതിന് പിന്നാലെയാണ് നസ്ജ മകളെയും കൂട്ടി വീടുവിട്ടോടിയത്. ജീവനുംകൊണ്ട് പായുന്നതിനിടയിൽ വീണു പരിക്കേറ്റ ഇരുവരെയും നാട്ടുകാരാണ് രക്ഷിച്ചത്. ക്രൂരമായി മര്‍ദനത്തിനിരയായ നസ്ജയെ നാട്ടുകാര്‍ കണ്ടതോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇതിന് മുന്‍പും നൗഷാദ് ക്രൂരമായി ആക്രമിച്ചിട്ടുണ്ടെന്നാണ് നസ്ജ പൊലീസിന് നല്‍കിയ മൊഴി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: