‘ഡാർക്ക് നെറ്റ് വഴിയുള്ള ലഹരികച്ചവടം ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു; അവസാനമായി ബിഗ് ഡീൽ നടത്താൻ ശ്രമിച്ചു’; പ്രതി എഡിസൺ



      

ഡാർക്ക് നെറ്റ് വഴിയുള്ള ലഹരികച്ചവടം ആദ്യം ആരംഭിച്ചത് താനാണെന്ന് മുഖ്യപ്രതി എഡിസൺ. കേസിൽ പിടിയിലായ നാല് പേരും ഒരേ കോളജിൽ ഒരേ ബാച്ചിൽ പഠിച്ചവരാണെന്നും എഡിസൻ മൊഴി നൽകി. ലഹരിക്കച്ചവടം പൂർണമായും ഉപേക്ഷിക്കാൻ തീരുമാനിച്ചതിനിടയിലാണ് പിടിയിലായതെന്നും പ്രതിയുടെ മൊഴി. അവസാനമായി ബിഗ് ഡീൽ നടത്തുന്നതിനിടെയാണ് പിടിയിലായതെന്ന് എഡിസൺ പറഞ്ഞു.

അവസാനമായി 25 കോടിരൂപയുടെ ലഹരിമരുന്ന് എത്തിച്ച് രാജ്യത്താകമാനം വിതരണം ചെയ്യാനായിരുന്നു തീരുമാനം. ആ വലിയ ഡീലിനായി നീക്കം നടത്തുന്നതിനിടയിലാണ് പിടിയിലായതെന്നാണ് എഡിസന്റെ മൊഴി. ആദ്യം താൻ മാത്രമായിരുന്നു ഇത് ആരംഭിച്ചതെന്നും പിന്നീടാണ് അരുൺ തോമസ്, ഡിയോൾ, അഞ്ജു എന്നിലരെ കൂടെ കൂട്ടുകയായിരുന്നുവെന്ന് എഡിസന്റെ മൊഴി. മുഖ്യപ്രതി എഡിസൺ ബാബുവിനെയും, അരുൺ തോമസിനെയും എൻസിബി കസ്റ്റഡിയിൽ വിട്ടിരുന്നു.

ലഹരി വിൽപ്പനയിലൂടെ സമ്പാദിച്ച ക്രിപ്റ്റോ ഇടപാടുകൾ പരിശോധിക്കാൻ അന്വേഷണ സംഘം വിദഗ്ധരുടെ സഹായം തേടും. കഴിഞ്ഞ നാലു വർഷത്തിലധികമായി ലഹരി വില്പനയിൽ നിന്ന് പത്തു കോടി രൂപയിലേറെ മൂവാറ്റുപുഴ സ്വദേശി എഡിസൺ സ്വന്തമാക്കി. ഈ പണം ഉപയോഗിച്ച് എന്തൊക്കെ സ്വത്തുക്കൾ സമ്പാദിച്ചിട്ടുണ്ട് എന്ന് അന്വേഷണം പുരോഗമിക്കുകയാണ്. എഡിസന്റെ വീടിനടുത്ത് നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിലും ലഹരിപ്പണം എത്തിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

മെക്കാനിക്കൽ എൻജിനീയറായി അമേരിക്കയിൽ ജോലി ചെയ്യുന്ന സമയത്താണ് ഡാർക്ക് നെറ്റിന്റെ കൂടുതൽ സാധ്യതകൾ എഡിസൺ തിരിച്ചറിയുന്നത്. രണ്ടു വർഷത്തിനിടെ ആറായിരത്തിലധികം ലഹരി ഇടപാടുകൾ എഡിസൺ നടത്തിയതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കേസിൽ അറസ്റ്റിലായ അരുൺ തോമസാണ് എഡിസന്റെ പേരിൽ പാഴ്സലായി വന്നിരുന്ന ലഹരിവസ്തുക്കൾ വാങ്ങുകയും ആവശ്യക്കാർക്ക് എത്തിക്കുകയും ചെയ്തിരുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: