അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച വിനായകനെതിരെ കേസ് വേണ്ടെന്ന ചാണ്ടി ഉമ്മന്റെ പ്രതികരണത്തിന് മറുപടിയുമായി താരം. തനിക്കെതിരെ കേസ് എടുക്കൂ എന്നാണ് സമൂഹമാധ്യമങ്ങളിലൂടെ വിനായകൻ പ്രതികരിച്ചത്. ‘വിനായകനെതിരെ കേസ് വേണ്ട’ എന്ന ചാണ്ടി ഉമ്മന്റെ വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചായിരുന്നു വിനായകന്റെ പ്രതികരണം.
വിനായകൻ വിവാദത്തിൽ കേസ് എടുക്കേണ്ടെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ മാധ്യമങ്ങളെ അറിയിച്ചത്. പിതാവുണ്ടായിരുന്നെങ്കിൽ അദ്ദേഹവും ഇതാകും പറയുകയെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചിരുന്നു. അത് വിനായകന്റെ വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മൻ ചാണ്ടിയും കാണുകയെന്നും അദ്ദേഹം പ്രതികരിച്ചു.
ഇതേ തുടർന്ന് പൊലീസ് വിനായകനെ ചോദ്യം ചെയ്തിരുന്നു. വിനായകന്റെ ഫോൺ പിടിച്ചെടുത്ത പൊലീസ് ഇതു ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. താൻ ഫെയ്സ് ബുക് ലൈവ് ചെയ്ത കാര്യം സമ്മതിച്ച വിനായകൻ ഇത് ഉമ്മൻചാണ്ടിയെ അവഹേളിക്കാൻ ആയിരുന്നില്ലെന്നു മൊഴി നൽകുകയും ചെയ്തിരുന്നു.
ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചുകൊണ്ടുള്ള വിനായകന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു… ‘ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കെയാണ് ഫേസ്ബുക്ക് ലൈവിലൂടെ വിനായകൻ ചോദിച്ചത്. ‘ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത് അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്’.