കോഴിക്കോട്: മോട്ടർ വാഹന വകുപ്പിന്റെ ‘പരിവാഹൻ’ സൈറ്റിൽ വാഹന റജിസ്ട്രേഷൻ (ആർസി) രേഖയും ഉടമകളുടെ ആധാറും ലിങ്ക് ചെയ്തതോടെ ആധാർ കാർഡിലും ആർസിയിലും പേരും ഫോൺ നമ്പറും മാറ്റമുള്ളവർക്ക് വാഹനസംബന്ധമായ സേവനങ്ങൾക്കു ബുദ്ധിമുട്ടനുഭവപ്പെട്ടുതുടങ്ങി. വാഹനവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും ഫീസ് അടയ്ക്കുന്നതിനു വാഹന ഉടമയുടെ ആർസിയിലെ പേരും ആധാറിലെ പേരും ഒന്നായിരിക്കണം. ആധാറിൽ നൽകിയ ഫോൺ നമ്പർ ആർസിയിലും നൽകണം. നിലവിൽ നേരത്തേ എടുത്ത ആധാർ കാർഡിലും പേരിനൊപ്പം ഇനിഷ്യൽ ഇല്ലാത്ത പ്രശ്നമുണ്ട്. എന്നാൽ ആർസിയിൽ ഇനിഷ്യൽ ഉണ്ടാകും. ഈ വ്യത്യാസം ഉള്ളവർക്കു മോട്ടർ വാഹന വകുപ്പിന്റെ സേവനം ലഭിക്കുന്നതിനു ഇനി തടസ്സം വരും.
ബാങ്ക് വായ്പയിൽ വാങ്ങുന്ന വാഹനങ്ങൾക്ക് തിരിച്ചടവു കഴിഞ്ഞാൽ ആർസിയിൽ നിന്നു ബാങ്ക് വായ്പ ഭാഗം ഒഴിവാക്കുന്നതിനും ഉടമവകാശം മാറ്റുന്നതിനുമൊന്നും ആധാർ, ആർസി വിവരങ്ങൾ വ്യത്യസ്തമായാൽ പരിവാഹൻ സൈറ്റിൽ ഫീസടയ്ക്കാൻ കഴിയില്ല. ഇത്തരക്കാർ ആർസിയിലെ വിവരങ്ങൾ മാറ്റുകയോ അതല്ലെങ്കിൽ ആധാർ കാർഡിൽ ആർസിയിലെപ്പോലെ പേരും ഫോൺ നമ്പറും നൽകുകയോ വേണ്ടിവരും.10 ദിവസം മുൻപാണ് വാഹന റജിസ്ട്രേഷൻ (ആർസി) രേഖയും ആധാറും കേന്ദ്ര സർക്കാർ ലിങ്ക് ചെയ്തത്. പരിവാഹൻ സൈറ്റിൽ ഫീസ് അടയ്ക്കാൻ ഓൺലൈൻ കേന്ദ്രങ്ങളിൽ എത്തിയ പലർക്കും സൈറ്റിൽ പ്രവേശിക്കാൻ കഴിയാതെയായി. ഇത്തരം വാഹന ഉടമകൾ മാറ്റം വരുത്തി ആർടിഒ അപ്രൂവൽ നേടിയാലേ ഇനി പരിവാഹൻ സൈറ്റിൽ പണം അടയ്ക്കാൻ കഴിയൂ.
ഏതൊരു വാഹന ഉടമയ്ക്കും ഓൺലൈനിൽ ആർസിയും ആധാറും ലിങ്ക് ചെയ്യാൻ കഴിയും. പരിവാഹൻ സൈറ്റിൽ ആർസിയിലെ പേരും ഫോൺ നമ്പറും തിരുത്താം. ശേഷം ഓൺലൈനിൽ തന്നെ ആർടിഒ അപ്രൂവൽ ഓപ്ഷൻ എന്ന ബട്ടൻ ക്ലിക് ചെയ്ത് അപ്രൂവലിനു അയയ്ക്കണം. ആർടിഒ അപ്രൂവൽ ലഭിച്ചാൽ വിവിധ ഫീസുകൾ അടയ്ക്കാൻ കഴിയും. എന്നാൽ ഓൺലൈനിൽ മാറ്റത്തിനു സർക്കാർ ഫീസ് ഈടാക്കുന്നില്ല.
