Headlines

റാഗിങ് നടന്നാല്‍ 24 മണിക്കൂറിനകം നടപടി, ഹോസ്റ്റലില്‍ നിന്നും പുറത്താക്കും: മന്ത്രി വീണ ജോര്‍ജ്



തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകളില്‍ റാഗിങ് തടയുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. റാഗിങ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം പൊലീസില്‍ അറിയിക്കുകയും ഹോസ്റ്റലില്‍ നിന്ന് പുറത്താക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. നിയമസഭാ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. പ്രിന്‍സിപ്പല്‍മാരുടെ അടിയന്തരയോഗം ചേര്‍ന്ന് ആന്റി റാഗിങ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ നടത്തുന്ന എല്ലാ കോഴ്‌സുകളുടേയും പ്രോസ്‌പെക്ടസുകളില്‍ റാഗിങ് നിരോധനം സംബന്ധിച്ച് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. പ്രോസ്‌പെക്ടസിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നേടുന്ന എല്ലാ വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കള്‍ സാക്ഷ്യപ്പെടുത്തിയ ആന്റി റാഗിങ് അണ്ടര്‍ടേക്കിങ് എഴുതി വാങ്ങി സൂക്ഷിക്കുന്നുണ്ട്. എല്ലാ കോളജുകളിലും സ്ഥലം പൊലീസ് സ്റ്റേഷനിലും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കൂടി ഉള്‍പ്പെടുന്ന ആന്റി റാഗിങ് കമ്മിറ്റിയും ആന്റി റാഗിങ് സ്‌ക്വാഡും രൂപീകരിച്ചിട്ടുണ്ട്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് മുമ്പേ ഹോസ്റ്റലുകള്‍ സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ പരിശോധിക്കാറുണ്ടെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.



ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ പ്രത്യേക ബ്ലോക് തിരിച്ച് താമസിപ്പിക്കുന്നുണ്ടെന്നും ഇവര്‍ക്കായി പ്രത്യേക വാഹന സൗകര്യവും ഏര്‍പ്പെടുത്തുന്നുണ്ട്. സുരക്ഷ മുന്‍നിര്‍ത്തി ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ഹോസ്റ്റലുകളില്‍ 7 മണിക്ക് മുമ്പായി പ്രവേശിക്കുന്നതിന് സമയക്രമം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹോസ്റ്റല്‍, കാന്റീന്‍, ലൈബ്രറി മുതലായ ഇടങ്ങളിലും റാഗിങ് സംബന്ധിച്ച് അവബോധം ഉണ്ടാക്കുന്നതിന് പോസ്റ്ററുകളും അത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ പരാതി നല്‍കുന്നതിനുള്ള ഫോണ്‍ നമ്പറുകളും നല്‍കിയിട്ടുണ്ട്. ഹോസ്റ്റലുകളില്‍ പുതുതായി പ്രവേശിപ്പച്ചവരെ സീനിയര്‍ വിദ്യാര്‍ഥികളോ മറ്റാളുകളോ സന്ദര്‍ശിക്കുന്നുണ്ടോയെന്ന് കൃത്യമായി നിരീക്ഷണത്തിന് വിധേയമാക്കാറുണ്ടെന്നും മന്ത്രി പറഞ്ഞു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: