പത്തനംതിട്ട: യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ചിനിടെ പത്തനംതിട്ടയിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കെപിസിസി സെക്രട്ടറിയുടെ പരസ്യ ഭീഷണി. സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ലാത്തിച്ചാർജ് നടത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെയായിരുന്നു ഭീഷണി. ഭരണം മാറിയാൽ ലാത്തിച്ചാർജ് നടത്തിയ ഇലവുംതിട്ട പോലീസ് സ്റ്റേഷനിലെ സിപിഒ ശ്രീരാജിനെ തെരുവിലിട്ട് തല്ലുമെന്ന് കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥൻ ചെയ്തത് തന്തയില്ലായ്മയാണ്. വേണ്ടിവന്നാൽ സഹകരണ രജിസ്ട്രാർ ഓഫീസ് തല്ലിത്തകർക്കും. അധികാരം ലഭിച്ചാൽ തിരിച്ച് കണക്ക് ചോദിക്കും. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി പണി നിർത്തി എസ്എഫ്ഐക്ക് വേണ്ടി പോസ്റ്റർ ഒട്ടിക്കാൻ പോകട്ടെ എന്നും കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല പരിഹസിച്ചു. സിപിഒ ശ്രീരാജിന്റെ പത്തനംതിട്ടയിലെ വീടിനു മുന്നിലേക്ക് ആയിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ സമരം.

