അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രാജ്യത്ത് ഭരണമാറ്റമുണ്ടാകുന്നില്ലെങ്കില്‍ രാജ്യം വന്‍ തകര്‍ച്ചയില്‍ എത്തുമെന്ന് സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങള്‍ തകരുന്നു. വര്‍ഗ്ഗീയത പടരുന്നു. കലാപങ്ങള്‍ വ്യാപിക്കുന്നു. എവിടെയും മണിപ്പൂരുകള്‍ ആവര്‍ത്തിക്കാം. ജനങ്ങള്‍ക്ക് ആശ്വാസമാകേണ്ട സിവില്‍ സര്‍വീസ് അതിവേഗം തകര്‍ന്നു കൊണ്ടിരിക്കുന്നു. കേന്ദ്രസര്‍വീസില്‍ 10 ലക്ഷത്തിലധികവും സംസ്ഥാന സര്‍വീസുകളില്‍ 23 ലക്ഷത്തിലധികവും തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു. ഇന്ത്യ തകര്‍ച്ചയിലാകുമ്പോള്‍, ഇന്ത്യന്‍ സിവില്‍ സര്‍വീസും തകര്‍ച്ചയിലാകുമെന്നും ഇത് ഭൂരിപക്ഷം വരുന്ന പാവപ്പെട്ട ജനങ്ങളെയാണ് പ്രതികൂലമായി ബാധിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
പഞ്ചാബിലെ മോഗയില്‍ നടന്ന ആള്‍ ഇന്ത്യാ സ്റ്റേറ്റ് ഗവ.എംപ്ലോയീസ് കോണ്‍ഫെഡറേഷന്റെ 7-ാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ‘ഇന്ത്യയുടെയും ഇന്ത്യന്‍ സിവില്‍ സര്‍വീസിന്റെയും ഭാവി’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഐ.എസ്.എഫ് ദേശീയ പ്രസി ഡന്റ് വിക്കി മഹേശ്വരി, സി.ആര്‍.ജോസ്പ്രകാശ് എം.എല്‍.സെഗാള്‍, റണ്‍ബീര്‍ ധില്ലന്‍ എന്നിവര്‍ പ്രസംഗിച്ചു.
കൃതാര്‍ത്ഥ് സിംഗ് – പ്രസിഡന്റ്
സി.ആര്‍.ജോസ്പ്രകാശ് – ജനറല്‍ സെക്രട്ടറി
സംഘടനയുടെ പ്രസിഡന്റായി കൃതാര്‍ത്ഥ് സിംഗിനെയും (യു.പി) ജനറല്‍ സെക്രട്ടറിയായി സി.ആര്‍.ജോസ്പ്രകാശിനെയും (കേരളം) തെരഞ്ഞെടുത്തു. രജ്ഞിത് സിംഗ് (പഞ്ചാബ്), കെ.ഷാനവാസ്ഖാന്‍ (കേരളം), സുനില്‍ ഖട്ടാന (ഹരിയാന), കുമാരസ്വാമി (തെല്ങ്കാന), മഹേഷ് സിംഗ് (യു.പി), രാമാനുജ് (ബീഹാര്‍), ജോയ് കുമാര്‍ (മണിപ്പൂര്‍), യു.എം.സെല്‍വരാജ് (തമിഴ്‌നാട്) എന്നിവരെ വൈസ് പ്രസിഡന്റുമാരായും സുനില്‍കുമാര്‍ പ്യൂരി (പഞ്ചാബ്), ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ (കേരളം), നരേന്ദ്ര ദിവാന്‍ (ഹരിയാന), അനുരുദ്ജി (ജമ്മുകാശ്മീര്‍), ഭാസ്‌കര പാണ്ഡ്യന്‍ (പോണ്ടിച്ചേരി), ദുലീപ് ഉള്‍ത്താന (മഹാരാഷ്ട്ര) എന്നിവരെ സെക്രട്ടറിമാരായും തപസ് തൃപാതി (പശ്ചിമബംഗാള്‍) നെ ട്രഷററായും തെരഞ്ഞെടുത്തു.
