തിരുവനന്തപുരം : പാറശാലയിൽ അനധികൃതമായി സൂക്ഷിച്ച റേഷനരി സിവിൽ സപ്ലൈസും വിജിലൻസും ചേർന്നു പിടികൂടി. തമിഴ്നാട്ടിൽ നിന്നു റേഷനരി സംസ്ഥാനത്തേക്ക് കടത്തുന്നെന്ന പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്. ഇഞ്ചിവിളയിൽ നിന്നും 120 ചാക്കും വെള്ളറടയിൽ നിന്നും 75 ചാക്ക് റേഷനരിയും പിടികൂടി. ഇഞ്ചിവിളയിൽ ആറു ഗോഡൗണുകളിലാണ് പരിശോധന നടത്തിയത് ഇവിടെ നടത്തിയ പരിശോധനയിൽ 50 കിലോയുടെ 120 ചാക്ക് റേഷനരിയാണ് പിടികൂടിയത്. രണ്ടു ഗോഡൗൺ ഉടമകൾ പൂട്ടി രക്ഷപ്പെട്ടു. രണ്ടു ഗോഡൗണും പിന്നീട് സീൽ ചെയ്തു. വെള്ളറട പനച്ചമൂട് ആറാട്ടുകുഴിയിൽ നിന്നു 50 കിലോയുടെ 75 ചാക്ക് റേഷനരിയാണ് പിടികൂടിയത്. ഗോഡൗണുകളിൽ നിന്നും റേഷനരി വരുന്ന ചാക്കുകളും പിടികൂടിയിട്ടുണ്ട്. പിടിച്ചെടുത്ത അരി സിവിൽസപ്ലൈസ് ഗോഡൗണുകളിലേക്ക് മാറ്റി. ഇഞ്ചിവിളയിലെ ഗോഡൗണുകളിൽ രാത്രി വൈകും വരെ പരിശോധന തുടർന്നു. താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. വലിയ റാക്കറ്റാണ് പൂഴ്ത്തിവെയ്പിനു പിന്നിലെന്നാണ് നിഗമനം. വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്നു സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
