തൃശൂർ: പൊലീസിൽ നിന്നും വിരമിച്ചാൽ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ഐഎം വിജയൻ. സിനിമയിലേക്ക് വിളിച്ചാൽ പോകും. താനൊരു ഫ്രീബേർഡ് ആണ്. രാജ്യസഭാംഗത്വം കിട്ടിയാൽ നിരസിക്കില്ലെന്നും ഐഎം വിജയൻ പറഞ്ഞു. പ്രസ് ക്ലബ് ഒരുക്കിയ അനുമോദന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഐഎം വിജയൻ.സിനിമകൾ ലഭിച്ചാൽ അഭിനയിക്കും. രാഷ്ട്രീയ പാർട്ടികളുടെ ഭാഗമായി പ്രവർത്തിക്കില്ല. സച്ചിനും പി ടി ഉഷയ്ക്കും ലഭിച്ചതുപോലെ രാജ്യസഭാ എംപി സ്ഥാനം കിട്ടിയാൽ നിരസിക്കില്ലെന്നുമായിരുന്നു ഐഎം വിജയന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയൻ, രമേശ് ചെന്നിത്തല, കെ മുരളീധരൻ അടക്കമുള്ള നേതാക്കളുമായി നല്ല ബന്ധമാണ്. അത് രാഷ്ട്രീയത്തിന് അപ്പുറമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്മശ്രീക്കായി വർഷങ്ങളായി അപേക്ഷിച്ചു. അപേക്ഷ കണ്ടുമടുത്തായിരിക്കും ഇത്തവണ നൽകിയതെന്നും ഐഎം വിജയൻ തമാശരൂപേണ പറഞ്ഞു. വിരമിച്ച ശേഷം ഫുട്ബോൾ അക്കാദമി തുടങ്ങുന്നതിനെക്കുറിച്ച് ആലോചനയുണ്ട്. ഭാവി ലക്ഷ്യമിട്ട് ഒരുങ്ങിയാൽ ഇന്ത്യൻ ടീമിന് ലോകകപ്പ് കളിക്കാൻ സാധിക്കും. നിലവിലെ ടീമിനെക്കൊണ്ട് അത് സാധിക്കില്ല. വിദേശത്ത് ക്ലബുകൾ യുവനിരയെ പരിശീലിപ്പിക്കുന്നത് ഭാവി ലക്ഷ്യമിട്ടാണെന്നും ഐഎം വിജയൻ പറഞ്ഞു.
