കൊച്ചി: കലൂരിലെ നൃത്തപരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ സ്റ്റേഡിയത്തിന്റെ ഗ്യാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയുടെ ആരോഗ്യ നിലയിൽ പുരോഗതി. അപകടം നടന്നു പത്ത് ദിവസത്തിന് ശേഷമാണ്
പരസഹായത്തോടെ എഴുന്നേറ്റിരിക്കാവുന്ന ആരോഗ്യ സ്ഥിതിയിൽ എംഎൽഎ എത്തിയത്. സ്റ്റാഫംഗങ്ങളോട് കോൺഫറൻസ് കോളിൽ വിളിച്ച് സംസാരിച്ചെന്ന് എംഎൽഎയുടെ ഫേസ്ബുക്കിലൂടെ അഡ്മിൻ അറിയിച്ചു. ഏകദേശം 5 മിനിറ്റോളം നടത്തിയ കോൺഫറൻസ് കോളിൽ കഴിഞ്ഞ പത്തു ദിവസമായി ക്വാറന്റീനിൽ കഴിയുന്നതിന്റെ നിരാശയാണ് ആദ്യം പ്രകടിപ്പിച്ചതെന്നും .’എല്ലാം കോർഡിനേറ്റ്’ ചെയ്യണമെന്ന് എംഎൽഎ അറിയിച്ചതായി ഫേസ്ബുക്ക് പേജ് അഡ്മിൻ ടീം അറിയിച്ചു. മണ്ഡലത്തിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങളുടെ പുരോഗതിയും കൃത്യമായി വിലയിരുത്തണമെന്ന് സ്റ്റാഫ് അംഗങ്ങൾക്ക് എംഎൽഎ നിർദ്ദേശം നൽകി.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം
‘Coordinate everything’… അപകടം നടന്നിട്ട് ഇന്ന് പത്താം ദിവസം. മെല്ലെ മെല്ലെ ജീവിതത്തിലേക്ക് പിച്ചവയ്ക്കുകയാണ് നമ്മുടെ ഉമ ചേച്ചി. ശരീരമാസകലം കലശലായ വേദനയുണ്ട്. ഇന്നലെ ചേച്ചി ബെഡിൽ നിന്ന് എഴുന്നേറ്റ് പരസഹായത്തോടെ കസേരയിൽ ഇരുന്നത് ഏറെ ആശ്വാസകരമാണ്. രാവിലെ മകൻ വിഷ്ണു അമ്മയെ കാണുന്നതിന് അകത്തു പ്രവേശിച്ചപ്പോഴാണ്, ഒപ്പമുള്ള സ്റ്റാഫ് അംഗങ്ങളെയും, സോഷ്യൽ മീഡിയ ടീമിനെയും ഫോണിൽ വിളിയ്ക്കാൻ ആവശ്യപ്പെട്ടത്..
പിന്നീട് ‘Coordinate Everything’ എന്ന് നിർദ്ദേശം നൽകി. തന്റെ അഭാവത്തിലും ഓഫീസ് കൃത്യമായി പ്രവർത്തിക്കണമെന്നും, എംഎൽഎയുടെ തന്നെ ഇടപെടൽ ആവശ്യമായുള്ള അടിയന്തര സാഹചര്യങ്ങളിൽ നമ്മുടെ മറ്റ് നിയമസഭ സാമാജികരുടെ സഹായം തേടണമെന്നും നിർദ്ദേശിച്ചു. മണ്ഡലത്തിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങളുടെ പുരോഗതിയും കൃത്യമായി വിലയിരുത്തണമെന്ന് സ്റ്റാഫ് അംഗങ്ങൾക്ക് ചേച്ചി നിർദ്ദേശം നൽകി. വരുന്ന നിയമസഭ സമ്മേളനത്തെ പറ്റി വിഷ്ണുവിനോട് ചോദിച്ചടക്കം ചേച്ചി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്‍റെ നല്ല സൂചനയാണ് നൽകുന്നത്.. ഒരാഴ്ച കൂടി ചേച്ചി ഐ.സി.യു.വിൽ തുടരുമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.
