Headlines

ബംഗാളിൽ ബിജെപി എംപിയും എംഎൽഎയും പാർട്ടി വിട്ടു; എംഎൽഎ തൃണമൂൽ കോൺഗ്രസിൽ ചേർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപിക്ക് തിരിച്ചടി. ബിജെപിയുടെ ഒരു ലോക്സഭാംഗവും നിയമസഭാംഗവും പാർട്ടി വിട്ടു. കുനാർ ഹേംബ്രം എംപിയും മുകുർ മണി അധികാരി എംഎൽഎയുമാണ് രാജിവച്ചത്. മുകുർ മണി എംഎൽഎ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. അതേസമയം, മറ്റേതെങ്കിലും പാർട്ടിയിൽ ചേരുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നാണ് കുനാർ ഹേംബ്രം വ്യക്തമാക്കുന്നത്.

റാണാഘട്ട് ദക്ഷിൺ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മുകുർ മണി അധികാരി. ഝാർഗ്രാം മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗമാണ് കുനാർ ഹേംബ്രം. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണു രാജിയെന്ന് കുനാർ ഹേംബ്രം പറഞ്ഞു. തന്റെ തീരുമാനത്തെക്കുറിച്ച് നേരത്തേ തന്നെ പാർട്ടി ദേശീയ നേതൃത്വത്തെ അറിയിച്ചതായി ഹേംബ്രം പറഞ്ഞു. ‘‘മറ്റേതെങ്കിലും പാർട്ടിയിൽ ചേരുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് പാർട്ടി വിടാൻ തീരുമാനിച്ചത്. സാമൂഹിക സേവനം നടത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. അങ്ങനെ ഞാൻ ജനസേവനം തുടരും.’’– കുനാർ ഹേംബ്രം വ്യക്തമാക്കി. ‌‌ലോക്സഭാ തിരഞ്ഞെടുപ്പിൽ ഝാർഗ്രാം മണ്ഡലത്തിൽ സീറ്റ് ലഭിക്കാൻ സാധ്യതയില്ലാത്തതിനാലാണ് കുനാർ ഹേംബ്രം പാർട്ടി വിട്ടതെന്നാണു വിവരം.

പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാൾ സന്ദർശിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ബിജെപി എംപിയുടെ രാജി. മാർച്ച് 11ന് ഝാർഗ്രാമിൽ നടക്കുന്ന ബിജെപി പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോൺ ബാർലയും പാർട്ടിയിൽ അതൃപ്തനാണെന്ന് റിപ്പോർട്ടുകളുണ്ട്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: