ഇടുക്കിയിൽ 6വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; രണ്ടു വർഷമായിട്ടും പ്രതിക്കുള്ള ശിക്ഷ വിധിച്ചില്ല

കട്ടപ്പന:ആലുവ കേസിൽ കോടതി വിധി നേരത്തെ വരുമ്പോഴും ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി ശേഷം കെട്ടിത്തൂക്കിയ കേസിൽ രണ്ടു വർഷം കഴിഞ്ഞിട്ടും ശിക്ഷ വിധിച്ചിട്ടില്ല. ഇരു വിഭാഗത്തിൻറെയും വാദം പൂർത്തിയായ സാഹചര്യത്തിൽ വേഗത്തിൽ ശിക്ഷ വിധിക്കണമെന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ ആവശ്യം

കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി വി മഞ്ജു ആണ് കേസ് പരിഗണിക്കുന്നത്. 2021 ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. കേസിൽ സമീപവാസിയായ അർജുനാണ് പ്രതി. 2021 സെപ്റ്റംബർ 21 ന് കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ കേസിൻറെ വിചാരണ കട്ടപ്പന അതിവേഗ കോടതിയിൽ തുടങ്ങി

കേസിൽ സാക്ഷികളാക്കിയിരുന്ന 48 പേരെ വിസ്തരിച്ചു. 69 ലധികം രേഖകളും 16 വസ്തുക്കളും തെളിവായി കോടതിയിൽ സമർപ്പിച്ചു. തിങ്കഴാഴ്ച കേസ് പരിഗണിച്ച കോടതി കുട്ടിയുടെ ജനന രജിസ്റ്റർ ഹാജരാക്കിയ വിവരം പ്രതിഭാഗത്തെ അറിയിക്കുകയും ഇത് സംബന്ധിച്ച് മറ്റെന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ 22- ന് ഹാജരാക്കാനും നിർദ്ദേശിച്ചു. അനാവശ്യ പരാതികൾ നൽകി വിചാരണ പരമാവധി നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങളാണ് പ്രതിഭാഗം ഇതുവരെ കോടതിയിൽ നടത്തിയത്. പ്രതിക്കെതിരെ പട്ടികജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ അച്ഛൻ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ രണ്ടു പേരും എസ് സി വിഭാഗത്തിലുള്ളവരാണെന്ന് കണ്ടെത്തിയ കോടതി ഇതനുവദിച്ചില്ല. വിചാരണക്കിടെ പുതിയ ജഡ്ജി ചർജ്ജെടുത്തും മാതാപിതാക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്. കേസ് നീണ്ടുപോയതില്‍ വിഷമമുണ്ടെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. കഴുത്തിൽ ഷാൾ കുരുങ്ങിയാണ് പെൺകുട്ടി മരിച്ചതെന്ന് വരുത്തിത്തീർക്കാൻ പരമാവധി ശ്രമം പ്രതിഭാഗം നടത്തിയിട്ടുണ്ട്. എന്നാൽ ഇതുവരെ എല്ലാം അനുകൂലമാണെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സുനിൽ മഹേശ്വരൻ പിള്ള പറഞ്ഞു.ഈ മാസം അവസാനത്തോടെ വിധി പറയാനുള്ള നടപടികളാണ് കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതിയിൽ പുരോഗമിക്കുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: