ഝാര്‍ഖണ്ഡില്‍ സഖ്യം ഇന്ത്യ സഖ്യം പൊളിഞ്ഞു; സിപിഐ ഒറ്റയ്ക്ക് മത്സരിക്കും, സിപിഎമ്മും കടുത്ത അമർഷത്തിൽ





റാഞ്ചി: ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തില്‍ ഭിന്നത. സഖ്യം വിട്ട് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സിപിഐ പ്രഖ്യാപിച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ 15 സീറ്റിലേക്ക് മത്സരിക്കാനാണ് പാര്‍ട്ടി തീരുമാനം. ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും സിപിഐ സംസ്ഥാന സെക്രട്ടറി മഹേന്ദ്ര പഥക്ക് പുറത്തിറക്കി. സീറ്റ് വിഭജനത്തിൽ സിപിഎമ്മും അമർഷത്തിലാണ്.



സിപിഐ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടേയും കോണ്‍ഗ്രസിന്റേയും നേതാക്കളുമായി നടന്ന സീറ്റു ചര്‍ച്ചയില്‍ ചില ഉറപ്പുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഈ ഉറപ്പുകള്‍ പാലിക്കുന്നതില്‍ നിരാശയായിരുന്നു ഫലം. അതിനാല്‍ പാര്‍ട്ടി ഒറ്റയ്ക്ക് 15 സീറ്റില്‍ മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

സിപിഐ സ്ഥാനാര്‍ത്ഥി ലിസ്റ്റ് പ്രകാരം, നള മണ്ഡലത്തില്‍ നിന്ന് കന്‍ഹായ് ചന്ദ്രമല്‍ പഹാഡിയ, ശരത് മണ്ഡലത്തില്‍ ഛായ, ബര്‍കത്ത മണ്ഡലത്തില്‍ മഹാദേവ് റാം, ദല്‍തോംഗഞ്ച് മണ്ഡലത്തില്‍ രുചിര്‍ തിവാരി, കാങ്കെ മണ്ഡലത്തില്‍ സന്തോഷ് കുമാര്‍ രാജക്, സിമരിയ മണ്ഡലത്തില്‍ സുരേഷ് കുമാര്‍ ഭൂയ, ഛത്ര മണ്ഡലത്തില്‍ ഡൊമന്‍ ഭൂയ, പൂര്‍ മണ്ഡലത്തില്‍ മഹേന്ദ്ര ഒറോണ്‍ ബിഷന്‍ എന്നിവര്‍ മത്സരിക്കും. ഭവനാഥ്പൂരില്‍ നിന്നാണ് ഘനശ്യാം പഥക് ജനവിധി തേടുന്നത്. മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും സിപിഐ സെക്രട്ടറി അറിയിച്ചു.

അതേസമയം, സിപിഐഎംഎല്‍ മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ധന്‍വാറില്‍ രാജ്കുമാര്‍ യാദവ്, സിന്ദ്രിയില്‍ ബബ്ലു മെഹ്‌തോ, നിര്‍സയില്‍ അരൂപ് ചാറ്റര്‍ജി എന്നിവരാണ് മത്സരിക്കുന്നത്. ധാരണ പ്രകാരം ഝാര്‍ഖണ്ഡില്‍ 41 സീറ്റുകളില്‍ ജെഎംഎം മത്സരിക്കും. 30 സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കി. നാലു സീറ്റുകള്‍ സിപിഐഎംഎല്ലിനും ആറു സീറ്റുകള്‍ ആര്‍ജെഡിക്കും നല്‍കിയിട്ടുണ്ട്. സീറ്റു വിഭജനത്തില്‍ കടുത്ത അതൃപ്തിയിലുള്ള സിപിഎം ഇതുവരെ പരസ്യമായി നിലപാട് പ്രഖ്യാപിച്ചിട്ടില്ല.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: