കൊച്ചിയിൽ നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ മർദ്ദിച്ച സംഭവം; നാലുപേർ അറസ്റ്റിൽ


കൊച്ചി: നൈറ്റ് കഫേ അടിച്ചു തകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ യുവതി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. കോട്ടയം ചങ്ങനാശേരി സ്വദേശിനി ലീന (26), ഇടുക്കി കട്ടപ്പന മേപ്പാറ ഏഴാച്ചേരിൽ ജെനിറ്റ് (23), വയനാട് കൽപറ്റ മുണ്ടേരി പറമ്പിൽ ഹൗസിൽ മുഹമ്മദ് സിനാൻ (22), കോട്ടയം ചങ്ങനാശേരി നാലുകോടി ഇടശ്ശേരി ഹൗസിൽ ആദർശ് ദേവസ്യ (22) എന്നിവരെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പനമ്പിള്ളിനഗർ ഷോപ്പിങ് കോംപ്ലക്സിലെ സാപിയൻസ് കഫ്റ്റീരിയയിലാണ് സംങം ആക്രമണം നടത്തുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ കൂടി പിടികൂടാനുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.

കഫ്റ്റീരിയയിൽ ഭക്ഷണം കഴിക്കാനെത്തിയ ലീനയും മുൻസുഹൃത്തും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയുമുണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന യുവതിയെ പിന്തിരിപ്പിക്കാനുള്ള ശ്രമം സംഘർഷത്തിൽ കലാശിക്കുകയും ഇവർ എത്തിയ കാറിന്റെ ചില്ല് ഒരാൾ പൊട്ടിക്കുകയും ചെയ്തു. തുടർന്നു ലീന പനമ്പിള്ളിനഗറിൽത്തന്നെ ഉണ്ടായിരുന്ന യുവാക്കളെ കൂട്ടിയെത്തി രാത്രി പത്തേകാലോടെ അക്രമം അഴിച്ചുവിടുകയായിരുന്നു.

ബേസ് ബോൾ ബാറ്റ്, ഇരുമ്പുവടി എന്നിവ ഉപയോഗിച്ചുള്ള അടിയേറ്റു കടയുടമ ഫോർട്ട്കൊച്ചി സ്വദേശി അമൻ അഷ്കറിനും പാർട്ണർക്കും സുഹൃത്തിനും രണ്ടു ജീവനക്കാർക്കും പരുക്കേറ്റു. കടയിലെ സാധനസാമഗ്രികളും തല്ലിത്തകർത്തു. 3 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നു പൊലീസ് പറയുന്നു. സ്ഥലത്തെത്തിയ സൗത്ത് പൊലീസ് ലീന ഉൾപ്പെടെ 4 പേരെ പിടികൂടി. എന്നാൽ, മറ്റുള്ളവർ കടന്നുകളഞ്ഞു. കണ്ടാലറിയാവുന്ന 4 പേർക്ക് എതിരെ കേസെടുത്തിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നു പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: