Headlines

കുന്നത്തുനാട് ഗ്രാമപഞ്ചായത്തിൽ സ്വന്തം പ്രസിഡന്റിനെ ട്വന്റി 20 അവിശ്വാസത്തിലൂടെ പുറത്താക്കി

കൊച്ചി: കുന്നത്തുനാട് ഗ്രാമപഞ്ചായത്തിൽ സ്വന്തം പ്രസിഡന്റിനെ ട്വന്റി 20 അവിശ്വാസത്തിലൂടെ പുറത്താക്കി. ഇന്നലെയാണ് കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ എം.വി.നിതമോൾക്കെതിരായ അവിശ്വാസപ്രമേയം പാസായത്. 18 അംഗങ്ങളുള്ള പഞ്ചായത്തിൽ പ്രസിഡന്റ് ഉൾപ്പെടെ 11 പേരാണ് ട്വന്റി 20ക്ക് ഉള്ളത്. പാർട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് നിതമോളോട് രാജിവെക്കാൻ പാർട്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ വഴങ്ങിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ഈ മാസം ആദ്യം ട്വന്റി 20 സ്വന്തം പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.നിതമോൾക്കെതിരെ നിരവധി ആരോപണങ്ങളാണ് ട്വന്റി20 ഉയർത്തുന്നത്. വൈസ് പ്രസിഡന്റ് റോയി ഔസേഫിന്റെ നേതൃത്വത്തിലുള്ള അംഗങ്ങളുമായി കഴിഞ്ഞ കുറേനാളുകളായി നിതമോൾ അത്ര രസത്തിലല്ല. സിപിഎം അംഗമായ നിസാർ ഇബ്രാഹിമിനെ അയോഗ്യനാക്കാനുള്ള ശ്രമങ്ങൾ വ്യാജരേഖ ചമച്ച് ചട്ടലംഘനങ്ങൾ നടത്തി, ക്രിമിനൽ ഗൂഢാലോചനകളിൽ ഏർപ്പെടുകയും കോടിക്കണക്കിന് രൂപയുടെ അഴിമതികൾ നടത്തുകയും ചെയ്തു, ക്രിമിനൽ സംഘങ്ങളുമായി ചേർന്ന് നിയമവിരുദ്ധപ്രവർത്തനങ്ങൾ നടത്തി, ഔദ്യോഗിക ചുമതലകളിൽ വീഴ്ച വരുത്തി തുടങ്ങിയ ആരോപണങ്ങളാണ് അവിശ്വാസപ്രമേയത്തിൽ പ്രസിഡന്റിനെതിരെ ഉണ്ടായിരുന്നത്

ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലാണ് യുഡിഎഫിൽ നിന്ന് കിറ്റക്സ് എംഡി സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി 20, പഞ്ചായത്തിന്റെ അധികാരം പിടിച്ചത്. 18 അംഗങ്ങളുള്ള പഞ്ചായത്തിൽ പ്രസിഡന്റ് ഉൾപ്പെടെ 11 പേരാണ് ട്വന്റി 20ക്ക് ഉണ്ടായിരുന്നത്. കോൺഗ്രസിനു 3, സിപിഎം, മുസ്‍ലിം ലീഗ് 2 വീതം എന്നിങ്ങനെയായിരുന്നു പഞ്ചായത്തിലെ കക്ഷിനില. ട്വന്റി 20യുടെ മറ്റ് പഞ്ചായത്ത് അംഗങ്ങളെ കേൾക്കുന്നില്ലെന്നും തന്നിഷ്ടത്തോടെയാണ് നിതമോൾ‍ പ്രവർത്തിക്കുന്നതെന്നും സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടി രാജിവയ്ക്കാൻ സംഘടനാ നേതൃത്വം നിതമോളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് വഴങ്ങാതെ വന്നതോടെയാണ് അവിശ്വാസം കൊണ്ടുവരാൻ സംഘടന തീരുമാനിച്ചത്. ഇന്നലെ നടന്ന ചർച്ചയിലും വോട്ടെടുപ്പിലും സിപിഎം പൂർണമായി വിട്ടു നിന്നു. യുഡിഫ് അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തെങ്കിലും വോട്ടെടുപ്പ് ബഹിഷ്കരിച്ചു. അടുത്ത തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെയാണ് കുന്നത്തുനാട് പഞ്ചായത്ത് ഭരണത്തിൽ പൊട്ടിത്തെറിയുണ്ടായതും പ്രസിഡന്റിന് പുറത്തു പോകേണ്ടി വന്നതും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: