തിരുവനന്തപുരം: പൂജപ്പുരയിൽ നടുറോഡിൽ യുവാവ് ആത്മഹത്യാ ശ്രമം നടത്തി. കരകുളം സ്വദേശി ബൈജു ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി. പൂജപ്പുര മഹിളാ മന്ദിരത്തിലാണ് ഇയാളുടെ ഭാര്യ കഴിയുന്നത്. കുടുംബ വഴക്കിനെ തുടർന്നാണ് ആത്മഹത്യാ ശ്രമം നടത്തിയതെന്നാണ് വിവരം. രണ്ട് മക്കളുമായാണ് ബൈജു പൂജപ്പുരയിൽ എത്തിയത്. പെട്രോളൊഴിച്ച് തീ കൊളുത്തിയ ബൈജുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൂജപ്പുര പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാർക്കും തീപ്പൊള്ളലേറ്റു.
യുവാവിനെ രക്ഷിച്ച് മെഡിക്കൽ കോളേജിലെത്തിച്ചപ്പോൾ അത്യാഹിത വിഭാഗത്തിൽ ചികിത്സ വൈകി. ശരീരം മുഴുവൻ പൊള്ളലേറ്റ യുവാവിന് ട്രോളിയും സ്ട്രച്ചറും ലഭിച്ചില്ല. രോഗിയെ ഏറ്റെടുക്കാൻ അറ്റൻ്ററും സ്ഥലത്തുണ്ടായിരുന്നില്ല. മിനിട്ടുകളോളം അത്യാഹിത വിഭാഗത്തിന് മുന്നിൽ നിലത്തിരിക്കേണ്ടി വന്നു. അതേസമയം, ബൈജുവിനെ എത്തിച്ച ആംബുലൻസ് ഡ്രൈവർ മദ്യപിച്ചിരുന്നതായി മെഡിക്കൽ കോളേജ് സൂപ്രണ്ട് വിശദീകരിച്ചു. സ്ട്രച്ചെറുമായി ജീവനക്കാർ എത്തുന്നതിനു മുൻപേ തീ പൊള്ളലേറ്റ ആളെ ഇറക്കി ഡ്രൈവർ സ്ഥലം വിട്ടുവെന്നും അതുകൊണ്ടാണ് ഗുരുതലമായി പൊള്ളലേറ്റ ബൈജുവിന് നിലത്തിരിക്കേണ്ടി വന്നതെന്നും സൂപ്രണ്ട് വിശദീകരിച്ചു

