ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ മഴക്കെടുതിയില്‍ വലയുമ്പോള്‍ സെപ്തംബറിലും രാജ്യത്ത് മഴ തുടരുമെന്ന മുന്നറിയിപ്പ്. സെപ്തംബറില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. സെപ്തംബറില്‍ രാജ്യത്ത് 167.9 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ 109 ശതമാനത്തില്‍ കൂടുതല്‍ മഴ പെയ്തിറങ്ങിയേക്കുമെന്നാണ് പ്രവചനം.
രാജ്യവ്യാപകമായി സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്നും പ്രവചനം സൂചിപ്പിക്കുന്നു. എന്നാല്‍ വടക്കുകിഴക്കന്‍, കിഴക്കന്‍ മേഖലയിലെ ചില പ്രദേശങ്ങളിലും, തെക്കന്‍ ഉപദ്വീപിലെ പല ഭാഗങ്ങളിലും വടക്കുപടിഞ്ഞാറന്‍ ഇന്ത്യയുടെ ചില ഭാഗങ്ങളിലും സാധാരണയേക്കാള്‍ മഴ കുറയുമെന്നും മുന്നറിയിപ്പ് പറയുന്നു.
ഉത്തരാഖണ്ഡില്‍ മഴ ശക്തമായാല്‍ മണ്ണിടിച്ചിലിനും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും തെക്കന്‍ ഹരിയാന, ഡല്‍ഹി, വടക്കന്‍ രാജസ്ഥാന്‍ എന്നിവിടങ്ങളിലെ സാധാരണ ജീവിതം തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്നും ഐഎംഡി വ്യക്തമാക്കുന്നു. ഉത്തരാഖണ്ഡില്‍ നിന്നും ഉത്ഭവിക്കുന്ന നദികളില്‍ വെള്ളപ്പൊക്കം ഉണ്ടായേക്കുമെന്നും നദീ തീരത്തെ നഗരങ്ങളെയും പട്ടണങ്ങളെയും വെള്ളപ്പൊക്കം ബാധിച്ചേയ്ക്കും. ഛത്തീസ്ഗഡിലെ മഹാനദി ന വൃഷ്ടിപ്രദേശങ്ങളിലും കനത്ത മഴ പ്രതീക്ഷിക്കുന്നുണ്ടെന്നും ഐഎംഡി അധികൃതര്‍ അറിയിച്ചു.
