ഹൈദരാബാദ്: സ്കൂളിലെ വിദ്യാർഥികൾക്ക് വിളമ്പിയത് മുളകുപൊടിയും എണ്ണയും ചേർത്ത ചോറ്. നിസാമാബാദ് ജില്ലയിലെ കോത്തഗിരി മണ്ഡലത്തിലെ അപ്പർ പ്രൈമറി സ്‌കൂളിൽ ആണ് സംഭവം. പ്ലേറ്റുകളിൽ കറിക്ക് പകരം മുളകുപൊടി ചേർത്ത ചോറുമായി നില്‍ക്കുന്ന കുട്ടികളുടെ ചിത്രം വൈറലായി മാറിയതോടെ ആണ് സംഭവം വിവാദമായത്. ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലായി 130 കുട്ടികളാണ് ഈ സ്‌കൂളിൽ പഠിക്കുന്നത്.
ചോറിനൊപ്പം വിളമ്പിയ ദാൽ രുചിയില്ലെന്ന് കണ്ടതിനെ തുടർന്ന് നിരവധി വിദ്യാർഥികൾ ഭക്ഷണം കഴിക്കാതെ പോയെന്നാണ് അധ്യാപകർ പറയുന്നത്. ഇതേക്കുറിച്ച് കുട്ടികൾ അധ്യാപകരോടും അവിടെയുണ്ടായിരുന്ന ഗ്രാമീണരോടും പരാതിപ്പെട്ടിരുന്നു. തുടർന്നാണ് ഉച്ചഭക്ഷണം കഴിക്കാനെത്തിയ ചില വിദ്യാർഥികൾക്ക് മുളകുപൊടിയും എണ്ണയും ചേർത്ത ചോറ് നൽകിയത്. കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് രക്ഷിതാക്കൾ സ്‌കൂളിലെത്തി പരാതിപ്പെടുകയായിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം, രാജ്യത്തിൻ്റെ ഭാവി പൗരന്മാരോട് ഇങ്ങനെയാണോ പെരുമാറുന്നതെന്ന് ബിആർഎസ് നേതാവ് ടി ഹരീഷ് റാവു ചോദിച്ചു. “ഇപ്പോൾ ഉച്ചഭക്ഷണം പോലും അവഗണിക്കുകയാണ്. കോൺഗ്രസ് സർക്കാരുകളുടെ അവഗണനയുടെ സ്വഭാവമാണിത്. ഉച്ചഭക്ഷണം തയ്യാറാക്കുന്നവര്‍ക്ക് വേതനം ലഭിക്കുന്നില്ല, വിദ്യാർത്ഥികൾക്ക് ശരിയായ ഭക്ഷണം ലഭിക്കുന്നില്ല, ഉപമുഖ്യമന്ത്രി സ്ഥിതിഗതികൾ ശ്രദ്ധിക്കണം”, അദ്ദേഹം എക്‌സില്‍ കുറിച്ചു. ഉച്ചഭക്ഷണ ഏജൻസികൾക്കുള്ള കുടിശ്ശിക തീർക്കുന്നതിനായി 58.69 കോടി രൂപ ജില്ലാ വിദ്യാഭ്യാസ വകുപ്പിന് അനുവദിച്ചിട്ടുണ്ടെന്നും 18 കോടി രൂപ കൂടി തിങ്കളാഴ്ച നൽകുമെന്നും തെലങ്കാന സർക്കാർ അറിയിച്ചു.

