കൊച്ചി : പൊലീസുകാരുടെ മോശം പെരുമാറ്റത്തിന് കാരണം മാനസിക പിരിമുറുക്കമെന്ന് ഡി.ജി.പി ഹൈക്കോടതിയിൽ. . മാനസിക പിരിമുറുക്കം മോശം പെരുമാറ്റത്തിനുള ലൈസൻസ് അല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു, തെരുവിൽ ജോലിയെടുക്കുന്നവർക്കും മാനസിക സമ്മർദ്ദമുണ്ട്. പെരുമാറ്റം നിയന്ത്രിക്കാൻ ഒരു സർക്കുലർ ഇറക്കേണ്ട അവസ്ഥയുണ്ടാകരുതെന്നും ഹൈക്കോടതി ഡി.ജി.പിക്ക് നിർദ്ദേശം നൽകി
പാലക്കാട് ആലത്തൂർ സ്റ്റേഷനിൽ വച്ച് പൊലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഭാഗത്ത് നിന്ന് രൂക്ഷമായ പരാമർശങ്ങൾ ഉണ്ടായത്. ഓൺലൈനായി ഹാജരായ ഡി.ജി.പി പൊലീസുകാരുടെ മോശം പെരുമാറ്റം നിയന്ത്രിക്കുന്നതിനായി ഇറക്കിയ സർക്കുലർ സമർപ്പിച്ചിരുന്നു. തെരുവിൽ ജോലിയെടുക്കുന്നവർക്കും മാനസിക സമ്മർദ്ദമുണ്ട്. പെരുമാറ്റം നിയന്ത്രിക്കാൻ ഒരു സർക്കുലർ ഇറക്കേണ്ട അവസ്ഥയുണ്ടാകരുതെന്നും ഹൈക്കോടതി പറഞ്ഞു. മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട് പത്തിലധികം സർക്കുലർ ഇറക്കിയിട്ടുണ്ട്. എന്നാൽ ഈ സർക്കുലറുകളൊന്നും പൊലീസ് ഉദ്യോഗസ്ഥർ ഗൗരവമായി എടുക്കുന്നില്ല എന്നതിന്റെ തെളിവാണ് സർക്കുലറുകൾ വീണ്ടും വീണ്ടും ഇറക്കേണ്ടി വരുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു,അടുത്ത ദിവസം പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും സർക്കുലർ സംബന്ധിച്ച് വിശദമായി ചർച്ച ചെയ്യുമെന്ന് ഡി.ജി.പി അറിയിച്ചു. എങ്ങനെയാണ് പുതിയ സർക്കുലർ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത് എന്ന കാര്യം ഒരുമാസത്തിനകം അറിയിക്കാൻ ജസ്റ്റിൻ ദേവൻ രാമചന്ദ്രൻ ഡി.ജി.പിക്ക് നിർദ്ദേശം നൽകി.


