പൊന്നാനി: പൊന്നാനിയിൽ ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ നടപടി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് താത്കാലിക ഡോക്ടർമാരെ പുറത്താക്കി. സ്റ്റാഫ് നേഴ്സിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ആരോഗ്യ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
പോന്നാനി മാതൃ ശിശു ആശുപത്രിയിൽ ചികിത്സയിലിരിക്കെ പാലപ്പെട്ടി സ്വദേശിനി റുക്സാനക്ക് ആണ് രക്തം മാറി നൽകിയത്. ഒ-നെഗറ്റിവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തമായിരുന്നു നൽകിയത്. സംഭവത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് താത്കാലിക ഡോക്ടർമാരെ പുറത്താക്കി. സ്റ്റാഫ് നേഴ്സിനെ സസ്പെന്റ് ചെയ്തു. ആരോഗ്യ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ ഇവർക്ക് ജാഗ്രത കുറവ് ഉണ്ടായതായി കണ്ടെത്തി. കേസ് ഷീറ്റ് നോക്കാതെയാണ് നേഴ്സ് രക്തം നൽകിയത് എന്നും അന്വേഷണത്തിൽ വ്യക്തമായി. ഇതോടെ ആരോഗ്യ മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നടപടി എന്ന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.
