തിരൂർ: മലപ്പുറം തിരൂരിൽ ഓർഡർ ചെയ്ത ബിരിയാണിയിൽ കോഴിത്തല കണ്ടെത്തിയ സംഭവത്തിൽ 75,000 രൂപ പിഴയിട്ട് കോടതി. ഏഴൂര്‍ പി.സി പടിയിലെ കളരിക്കല്‍ പ്രതിഭ എന്ന അധ്യാപിക വാങ്ങിയ നാലു ബിരിയാണിയിൽ ഒന്നിലാണ് കോഴിത്തല കണ്ടെത്തിയത്.
മുത്തൂരിലെ ഒരു കടയില്‍ നിന്നാണ് യുവതി വീട്ടിലേക്ക് നാല് ബിരിയാണി ഓര്‍ഡര്‍ ചെയ്തത്. പാഴ്സലായി വന്ന ബിരിയാണി പായ്ക്കറ്റിൽ ഒന്ന് തുറന്നുനോക്കിയപ്പോഴാണ് അതിനുള്ളില്‍ നിന്നും വേവിക്കാത്ത കോഴിത്തല ലഭിച്ചത്. വൃത്തിയാക്കുകയോ വേവിക്കുകയോ ചെയ്യാത്ത നിലയിലായിരുന്നു കോഴിത്തല ബിരിയാണിയിൽ കിടന്നിരുന്നതെന്ന് യുവതി പറയുന്നു. തുടര്‍ന്ന് പ്രതിഭ ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ പരാതി നല്‍കുകയായിരുന്നു.
ഭക്ഷ്യസുരക്ഷ എൻഫോഴ്‌സ്‌മെൻറ് അസിസ്റ്റൻഡ് കമ്മീഷണർ സുജിത്ത് പെരേര, ഭക്ഷ്യ സുരക്ഷ ഓഫീസർ എം.എൻ ഷംസിയ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയിരുന്നത്. മുത്തൂരിലെ പൊറോട്ട സ്റ്റാളിൽ നിന്ന് നാല് ബിരിയാണിയാണ് അധ്യാപികയായ പ്രതിഭ ഓർഡർ ചെയ്തിരുന്നത്. ഒരു പാക്കറ്റ് ബിരിയാണിയിലാണ് കോഴിത്തല കണ്ടത്. രണ്ട് ബിരിയാണി കുട്ടികൾ കഴിച്ച് കഴിഞ്ഞതിന് ശേഷം മൂന്നാമത്തെ പാർസൽ പൊട്ടിച്ചപ്പോഴായിരുന്നു സംഭവം. തിരൂർ നഗരസഭ ആരോഗ്യ വിഭാഗത്തിനും ഫുഡ് സേഫ്റ്റി ഓഫീസർക്കും പ്രതിഭ പരാതി നൽകിയിരുന്നു.
