പൂനെ | 2023 ലോകകപ്പിൽ ടീം ഇന്ത്യ തുടർച്ചയായ നാലാം ജയം സ്വന്തമാക്കി. ബംഗ്ലാദേശിനെ 7 വിക്കറ്റിനാണ് ഇന്ത്യപരാജയപ്പെടുത്തിയത്. പൂനെയിലെ എംസിഎ ഗ്രൗണ്ടിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 256 റൺസെടുത്തു. ഈ വിഷയലക്ഷ്യം 41.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. വിരാട് കോഹ്‍ലിയുടെ സെഞ്ച്വറി മികവിലാണ് ഇന്ത്യ വിജയം നേടിയത്.
തന്റെ 48ാം ഏകദിന സെഞ്ചുറിയാണ് കോഹ്‌ലി നേടിയത്. ഏറ്റവും വേഗമേറിയ 26,000 അന്താരാഷ്ട്ര റൺസും അദ്ദേഹം തികച്ചു. 567 ഇന്നിംഗ്സുകളിൽ നിന്നാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. അദ്ദേഹത്തിന് മുമ്പ് 600 ഇന്നിംഗ്‌സുകളിൽ നിന്നാണ് സച്ചിൻ ഈ നേട്ടം കൈവരിച്ചത്.
നേരത്തെ ബാറ്റ് ചെയ്ത ബംഗ്ലാദേശ് തൻജിദിന്റെയും ലിറ്റൺ ദാസിന്റെയും അർധസെഞ്ചുറികളുടെ കരുത്തിലാണ് 250 കടന്നത്. തൻജിദ് ഹസൻ തമീം 51 റൺസും ലിറ്റൺ ദാസ് 66 റൺസും നേടി. വിക്കറ്റ് കീപ്പർ മുഷ്ഫിഖുർ റഹീം 38 റൺസ് സംഭാവന ചെയ്തു. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. ഷാർദുൽ താക്കൂറും കുൽദീപ് യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മത്സരത്തിനിടെ ഹർദീപ് പാണ്ഡ്യക്ക് പരുക്കേറ്റു.