ഇന്ത്യ- ഓസീസ് ടി-20 മത്സരം; കാര്യവട്ടം സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: ട്വന്‍റി 20 പരമ്പരയിലെ രണ്ടാം മത്സരത്തെ വരവേൽക്കാൻ തിരുവനന്തപുരം ഒരുങ്ങിക്കഴിഞ്ഞു. ഇന്ത്യ, ഓസ്ട്രേലിയ മത്സര വേദിയായ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ പൂർത്തിയായതായി കേരള ക്രിക്കറ്റ് അസോസിയേഷൻ മാധ്യമങ്ങളെ അറിയിച്ചു. നവംബർ 26ന് വൈകുന്നേരം 7:00 മണിക്ക് നിശ്ചയിച്ചിരിക്കുന്ന മത്സരത്തിനായി ബാറ്റിംഗിന് അനുകൂലമായ വിക്കറ്റാണ് തയ്യാറാക്കിയിരിക്കുന്നതെന്നും കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാർ മാധ്യമങ്ങളെ അറിയിച്ചു.

ഇത് നാലാമത്തെ അന്താരാഷ്ട്ര ട്വന്റി 20 മത്സരത്തിനാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയം തയാറാവുന്നത്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് മറ്റൊരു അന്താരാഷ്ട്രമത്സരം എത്തുമ്പോൾ മഴ ഒഴിഞ്ഞുനിൽക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ. തലസ്ഥാനത്ത് അടുത്തിടെ ശക്തമായ മഴ വലിയ വെല്ലുവിളിയായ സാഹചര്യത്തില്‍ മഴമേഘങ്ങള്‍ മാറിനില്‍ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മത്സര സമയത്ത് മഴയില്ലെങ്കിൽ കളി നടക്കുമെന്ന് ഉറപ്പിക്കാം.

മത്സരത്തിനായി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ക്രമീകരണങ്ങളെല്ലാം സജ്ജമായിക്കഴിഞ്ഞു. ട്വന്‍റി 20 ആയതിനാൽ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ റണ്ണൊഴുകുന്ന വിക്കറ്റാണ് തയ്യാറാക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ ആരാധകര്‍ക്ക് ഹൈ-സ്കോര്‍ ത്രില്ലര്‍ പ്രതീക്ഷിക്കാം. തിരുവനന്തപുരത്തെ കാലാവസ്ഥയും അന്തരീക്ഷവും മത്സരത്തെയും ടീമുകളുടെ പ്രകടനത്തെയും സ്വാധീനിക്കും.

മത്സരത്തിനായി ഇന്ത്യ-ഓസ്‌ട്രേലിയ ടീമുകള്‍ ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരത്ത് എത്തിയിരുന്നു. ടീം ഇന്ത്യ ഹയാത്ത് റീജന്‍സിയിലും ഓസീസ് വിവാന്ത ബൈ താജിലുമാണ് താമസിക്കുന്നത്. ഇന്ന് ഇരു ടീമുകള്‍ക്ക് ഓപ്‌ഷനല്‍ പരിശീലനമുണ്ട്. ഞായറാഴ്‌ചത്തെ രണ്ടാം ട്വന്‍റി 20 കഴിഞ്ഞ് തിങ്കളാഴ്‌ച ഇന്ത്യ, ഓസീസ് ടീമുകള്‍ അടുത്ത മത്സരത്തിനായി ഗുവാഹത്തിയിലേക്ക് പറക്കും. അഞ്ച് ടി20കളാണ് പരമ്പരയിലുള്ളത്.

വിശാഖപട്ടണം വേദിയായ ആദ്യ ട്വന്‍റി 20യില്‍ രണ്ട് വിക്കറ്റിന് വിജയിച്ച ടീം ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് വെടിക്കെട്ട് സെഞ്ചുറിവീരന്‍ ജോഷ് ഇന്‍ഗ്ലിന്‍റെ (50 പന്തില്‍ 110) കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് പടുത്തുയര്‍ത്തി. എന്നാല്‍ മറുപടി ബാറ്റിംഗില്‍ ടീം ഇന്ത്യ ഒരു പന്ത് ബാക്കിനില്‍ക്കേ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. നാലാമനായി ക്രീസിലെത്തി 42 പന്തില്‍ 80 റണ്‍സുമായി തിളങ്ങിയ നായകന്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ വിജയശില്‍പി. ഇഷാന്‍ കിഷന്‍ 39 പന്തില്‍ 58 ഉം യശസ്വി ജയ്‌സ്വാള്‍ 8 പന്തില്‍ 21 ഉം റിങ്കു സിംഗ് 14 പന്തില്‍ 22* ഉം റണ്‍സുമായും തിളങ്ങി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: