ധാക്ക: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റം കുറിച്ച് ചരിത്രം സൃഷ്ടിച്ച മലയാളി താരം മിന്നു മണി മികച്ച ഫോം തുടരുന്നു. ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ അത്ഭുതബൗളിങ്ങാണ് മിന്നു മണി പുറത്തെടുത്തത്. മത്സരത്തില്‍ നാലോവര്‍ ചെയ്ത മിന്നു വെറും ഒൻപത് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റൈടുത്തു. ഒരു മെയ്ഡൻ ഓവര്‍ അടക്കമാണിത്.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് 20 ഓവറില്‍ വെറും 95 റണ്‍സ് മാത്രമാണ് നേടാനായത്. 19 റണ്‍സെടുത്ത ഷഫാലി വര്‍മയാണ് ടോപ് സ്കോറര്‍. കരിയറിലാദ്യമായി ഇന്ത്യൻടീമിനുവേണ്ടി ബാറ്റുചെയ്യാൻ അവസരം ലഭിച്ച മിന്നു മൂന്ന് പന്തില്‍ അഞ്ചുറണ്‍സെടുത്ത് പുറത്താവാതെ നിന്നു. പിന്നാലെ ബൗളിങ് തുടങ്ങിയ താരം ബംഗ്ലാദേശ് ബാറ്റര്‍മാരെ വിറപ്പിച്ചു.
ഇന്നിങ്സിലെ രണ്ടാം ഓവര്‍ ചെയ്യാനാണ് നായിക ഹര്‍മൻപ്രീത് കൗര്‍ മിന്നു മണിയെ പന്തേല്‍പ്പിച്ചത്. ആദ്യ പന്തില്‍ റണ്‍സ് വഴങ്ങാതിരുന്ന മിന്നു രണ്ടാം പന്തില്‍ ഓപ്പണര്‍ ഷമീമ സുല്‍ത്താനയെ പുറത്താക്കി ക്യാപ്റ്റന്റെ തീരുമാനം ശരിയാണെന്ന് തെളിയിച്ചു. സ്വീപ്പ് ഷോട്ട് ശ്രമിച്ച ഷമീമയുടെ ശ്രമം വിഫലമായി. താരത്തിന്റെ ഷോട്ട് ഫൈൻ ലെഗില്‍ ഷഫാലി വര്‍മ അനായാസം കൈയ്യിലൊതുക്കി. ഇതോടെ മിന്നു ഇന്ത്യയ്ക്ക് തകര്‍പ്പൻ തുടക്കം സമ്മാനിച്ചു. ആ ഓവറില്‍ റണ്‍ വഴങ്ങാതെ മെയ്ഡനാക്കാനും മലയാളി താരത്തിന് സാധിച്ചു.
തന്റെ രണ്ടാം ഓവറില്‍ രണ്ട് റണ്‍സ് മാത്രം വഴങ്ങിയ മിന്നു മൂന്നാം ഓവറില്‍ നാല് റണ്‍സ് വഴങ്ങി. തന്റെ നാലാം ഓവറിലാണ് മിന്നു രണ്ടാം വിക്കറ്റെടുത്തത്. അഞ്ചാം പന്തില്‍ ക്രീസില്‍ നിലയുറപ്പിച്ച റിതു മോണിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി മിന്നു രണ്ടാം വിക്കറ്റ് നേട്ടം ആഘോഷിച്ചു. ആ ഓവറില്‍ മൂന്ന് റണ്‍സ് മാത്രം വഴങ്ങിയ മിന്നു നാലോവറില്‍ വിട്ടുനല്‍കിയത് വെറും ഒൻപത് റണ്‍സ് മാത്രം. വെറും 2.25 മാത്രമാണ് ഈ മത്സരത്തിലെ മിന്നുവിന്റെ ബൗളിങ് ഇക്കണോമി. ഇതോടെ ഇന്ത്യയ്ക്ക് വേണ്ടി രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിക്കറ്റ് വീഴ്ത്താൻ താരത്തിന് സാധിച്ചു. ആദ്യ മത്സരത്തില്‍ മിന്നു ഒരു വിക്കറ്റ് സ്വന്തമാക്കിയിരുന്നു.
മത്സരത്തില്‍ ഇന്ത്യ എട്ട് റണ്‍സിന് വിജയിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്ബര ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 96 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശ് 20 ഓവറില്‍ 87 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശര്‍മയും ഷഫാലി വര്‍മയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 38 റണ്‍സെടുത്ത നായിക നിഗര്‍ സുല്‍ത്താന മാത്രമാണ് ബംഗ്ലാദേശിനായി തിളങ്ങിയത്.