Headlines

മഞ്ഞകളെ പഞ്ഞിക്കിട്ട് ഇന്ത്യ,പട നയിച്ച് കോഹ്ലി ; ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ





ദുബായ്: ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ കടന്ന് ഇന്ത്യ. സെമിയില്‍ ഓസ്‌ട്രേലിയക്കെതിരെ നാല് വിക്കറ്റ് ജയം നേടിയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. ന്യൂസിലന്‍ഡ് – ദക്ഷിണാഫ്രിക്ക രണ്ടാം സെമി ഫൈനല്‍ വിജയികളെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ നേരിടും.

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തില്‍ 11 പന്ത് ശേഷിക്കെ ഇന്ത്യ മറികടന്നു. 98 പന്തില്‍ നിന്ന് 84 റണ്‍സ് നേടിയ വിരാട് കോഹ് ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശ്രേയസ് അയ്യര്‍(45), കെ.എല്‍ രാഹുല്‍(42), ഹാര്‍ദിക് പാണ്ഡ്യ(28) എന്നിവരുടെ ഇന്നിങ്സുകളും നിര്‍ണായകമായി.



265 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്ക് രോഹിത്തും ഗില്ലും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. രണ്ട് തവണ ജീവന്‍ ലഭിച്ച രോഹിത് ഒരു സിക്‌സും മൂന്ന് ഫോറും പറത്തി പ്രതീക്ഷ നല്‍കി. എന്നാല്‍ ശുഭ്മാന്‍ ഗില്‍ 11 പന്തില്‍ എട്ടു റണ്‍സെടുത്ത് ഡ്വാര്‍ഷൂയിസിന്റെ പന്തില്‍ ബൗള്‍ഡായി. ഗില്‍ മടങ്ങുമ്പോള്‍ ഇന്ത്യ അഞ്ചോവറില്‍ 30 റണ്‍സിലെത്തിയതേ ഉണ്ടായിരുന്നുള്ളു. ഗില്ലിന് പിന്നാലെ രോഹിത്തിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഇടം കൈയന്‍ സ്പിന്നര്‍ കൂപ്പര്‍ കൊണോലി ഇന്ത്യക്ക് രണ്ടാം പ്രഹരമേല്‍പ്പിച്ചു. ഇതോടെ 43-2 എന്ന നിലയില്‍ പതറിയ ഇന്ത്യയെ ശ്രേസയും കോലിയും ചേര്‍ന്ന് 100 കടത്തി. ശ്രേയസും കോഹ് ലിയും ചേര്‍ന്ന് നേടിയ 91 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യന്‍ വിജയത്തിന് അടിത്തറയിട്ടത്.

അര്‍ധ സെഞ്ചുറിയിലേക്ക് മുന്നേറുകയായിരുന്ന അയ്യരെ മടക്കി ആദം സാംപ ഈ കൂട്ടുകെട്ട് പൊളിച്ചു. 62 പന്തില്‍ നിന്ന് മൂന്ന് ഫോറടക്കം 45 റണ്‍സെടുത്താണ് അയ്യര്‍ മടങ്ങിയത്. അയ്യര്‍ പുറത്തായ ശേഷം അഞ്ചാമന്‍ അക്ഷര്‍ പട്ടേലിനെ കൂട്ടുപിടിച്ച് കോലി ഇന്നിങ്സ് മുന്നോട്ടുനയിച്ചു. സ്‌കോര്‍ 178-ല്‍ നില്‍ക്കേ അക്ഷറിനെ നഥാന്‍ എല്ലിസ് പുറത്താക്കി. 30 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത അക്ഷര്‍, നാലാം വിക്കറ്റില്‍ കോലിക്കൊപ്പം 44 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് മടങ്ങിയത്.

തുടര്‍ന്ന് കെ.എല്‍ രാഹുലിനെ കൂട്ടുപിടിച്ച് 47 റണ്‍സ് ചേര്‍ത്ത കോലി ടീം സ്‌കോര്‍ 200 കടത്തി. 43-ാം ഓവറില്‍ സെഞ്ചുറിയിലേക്ക് 16 റണ്‍സകലെ കോലി മടങ്ങിയ ശേഷം രാഹുലും ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. രാഹുല്‍ 34 പന്തില്‍ നിന്ന് 42 റണ്‍സോടെ പുറത്താകാതെ നിന്നു. 24 പന്തുകള്‍ നേരിട്ട ഹര്‍ദിക് മൂന്ന് സിക്സും ഒരു ഫോറുമടക്കം 28 റണ്‍സെടുത്തു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: