ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 13 ഉം ഇന്ത്യയിലെന്ന് പുതിയ പഠനം. ബാക്കി ഏഴില്‍ ആറും ഏഷ്യന്‍ രാജ്യങ്ങളില്‍ തന്നെയാണ്. ഇതില്‍ നാലു നഗരങ്ങള്‍ പാകിസ്താനിലും, ചൈനയിലും കസാകിസ്താനിലും ഓരോ നഗരങ്ങളും ഉള്‍പ്പെടുന്നു. ആഫ്രിക്കന്‍ നഗരമായ ഇന്‍ജമിനയാണ് 20-ല്‍ ഏഷ്യക്ക് പുറത്തുള്ള ഏക നഗരം.
സ്വിസ് എയര്‍ ക്വാളിറ്റി ടെക്നോളജി കമ്പനിയായ ഐക്യുഎയറിന്റെ 2024 ലെ ലോക വായു ഗുണനിലവാര റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരമായി ഡല്‍ഹി തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ മലിനമായ രാജ്യങ്ങളുടെ 2024-ലെ പട്ടികയില്‍ ഇന്ത്യ രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. 2023-ല്‍ മൂന്നാംസ്ഥാനത്തായിരുന്നത് ഇത്തവണ അഞ്ചാമതെത്തിയിട്ടുണ്ട്.
ലോകത്തെ മലിനമായ നഗരങ്ങളില്‍ ഒന്നാമതായി അസമിലെ ബ്രിനിഹട്ടാണുള്ളത്. ഡല്‍ഹി, പഞ്ചാബിലെ മുല്ലന്‍പുര്‍, ഫരീദാബാദ്, ലോനി, ന്യൂഡല്‍ഹി, ഗുരുഗ്രാം, ഗംഗാനഗര്‍, ഗ്രേറ്റര്‍ നോയിഡ, ഭിവാഡി, മുസാഫര്‍നഗര്‍, ഹനുമാന്‍ഗഢ്, നോയിഡ എന്നിവയാണ് പട്ടികയില്‍ ഇടംപിടിച്ച മലിനമായ മറ്റു ഇന്ത്യന്‍ നഗരങ്ങള്‍. പട്ടികയിലെ ആദ്യ പത്തില്‍ ആറും ഇന്ത്യന്‍ നഗരങ്ങളാണ്.
ഇന്ത്യയിലെ 35 ശതമാനം നഗരങ്ങളിലും വാര്‍ഷിക PM2.5 ലെവല്‍ WHO പരിധിയായ ക്യുബിക് മീറ്ററിന് 5 മൈക്രോഗ്രാം എന്നതിന്റെ 10 മടങ്ങ് കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചാഡ്, ബംഗ്ലാദേശ്, പാകിസ്താന്‍, കോംഗോ എന്നിവയാണ് മലിനമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് മുന്നിലുള്ളത്.
