ചെന്നൈ: ലോകകപ്പിലെ ആദ്യ മൽസരത്തിൽ ഓസ്ട്രേലിയയെ 6 വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യമായ 200 മറികടന്നു. തുടക്കത്തിലെ വൻ തകർച്ചയ്ക്ക് ശേഷമാണ് ഇന്ത്യ കരകയറിയത്. വിരാട് കോലി – കെ.എൽ രാഹുൽ സഖ്യമാണ് ഇന്ത്യയെ വിജയതീരത്ത് എത്തിച്ചത്. വിരാട് കോലി 116 പന്തിൽ 85 റൺസ് നേടി പുറത്തായി. കെ.എൽ രാഹുൽ 115 പന്തിൽ 97 റൺസ് നേടി പുറത്താകാതെ നിന്നു. ക്യാപ്റ്റൻ രോഹിത് ശർമ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവർ പൂജ്യത്തിന് പുറത്തായ ശേഷമായിരുന്നു ഇന്ത്യയുട തിരിച്ചടി. ഓസ്ട്രേലിയയ്ക്കായി ജോഷ് ഹെയ്സൽവുഡ് 3 വിക്കറ്റു വീഴ്ത്തി. സ്കോർ: ഓസ്ട്രേലിയ 49.3 ഓവറിൽ 199ന് പുറത്ത്, ഇന്ത്യ 41.2 ഓവറിൽ 201
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്ക് തുടക്കം ശുഭകരമായിരുന്നില്ല. സ്കോർ 5-ൽ നിൽക്കേ മൂന്നാം ഓവറിൽ ഓപ്പണർ മിച്ചൽ മാർഷ് (6 പന്തിൽ 0) പുറത്തായി. ബുമയുടെ പന്തിൽ കോലിക്ക് ക്യാച്ച് നൽകിയാണ് മാർഷ് പുറത്തായത്. പിന്നാലെ ക്രീസിലെത്തിയ സ്റ്റീവ് സ്മിത്തിനെ കൂട്ടുപിടിച്ച് വാർണർ സകോർ ബോർഡ് ചലിപ്പിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 69 റൺസ് കൂട്ടിച്ചേർത്തു. ആദ്യ 10 ഓവറിൽ ഇന്ത്യൻ ബോളർമാർ വിട്ടുനൽകിയത് 43 റൺസ് മാത്രമാണ്. കഴിഞ്ഞ 15 ഏകദിന മത്സരങ്ങൾക്കിടെ, പവർപ്ലേയിൽ ഓസ്ട്രേലിയ നേടുന്ന ഏറ്റവും ചെറിയ സ്കോറാണിത്.
സ്പിന്നർമാരുടെ കരുത്തിലാണ് ഇന്ത്യ കംഗാരുപ്പടയെ വരിഞ്ഞുമുറുക്കിയത്. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകളുമായി തിളങ്ങി. ജഡേജയുടെ മാന്ത്രിക സ്പെല്ലിൽ മൂന്ന് ഓസീസ് താരങ്ങളാണ് മുട്ടു മടക്കിയത്. രണ്ടു പേരെ മടക്കി കുൽദീപ് യാദവും മികവ് കാട്ടി. ബുംറയും രണ്ട് വിക്കറ്റെടുത്തു. ഓസീസിന്റെ ടോപ് സ്കോറർ സ്റ്റീവൻ സ്മിത്ത് (46), ലബുഷാൻ (27), അലക്സ് കാരെ (0) എന്നിവരാണ് ജഡേജയ്ക്ക് മുന്നിൽ വിക്കറ്റ് അടിയറവ് വച്ചത്. 10 ഓവറിൽ 35 റൺസ് വഴങ്ങി ബുമയും, 42 റൺസ് വഴങ്ങി കുൽദീപും 2 വിക്കറ്റുവീതം വീഴ്ത്തി. 10 ഓവറിൽ 34 റൺസ് മാത്രം വിട്ടുനൽകിയ അശ്വിൻ ഒരു വിക്കറ്റു സ്വന്തമാക്കി. 3 ഓവറിൽ 28 റൺസ് വഴങ്ങിയ ഹാർദിക് പാണ്ഡ്യയും 6.3 ഓവറിൽ 26 റൺസ് വിട്ടുനൽകിയ മുഹമ്മദ് സിറാജും ഒരോ വിക്കറ്റുവീതം നേടി.
