ഹാങ്ചൗ:ഏഷ്യന്‍ ഗെയിംസിൽ മെഡൽ കൊയ്ത്ത് തുടർന്ന് ഇന്ത്യ. ഷൂട്ടിങ്ങില്‍ നിന്ന് ഇന്ത്യ രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും സ്വന്തമാക്കി. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. സ്വപ്‌നില്‍ കുശാലെ, ഐശ്വരി പ്രതീപ് സിങ്, അഖില്‍ ഷിയോറാന്‍ എന്നിവരടങ്ങിയ സഖ്യമാണ് സ്വര്‍ണം നേടിയത്.
ഏഷ്യൻ ഗെയിംസിൽ ആറാം ദിനത്തിൽ രണ്ടാം സ്വർണം വെടിവച്ചിട്ട് ഇന്ത്യ. വനിതകളുടെ പത്ത് മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ സ്വർണവും വെള്ളിയും ഇന്ത്യൻ താരങ്ങൾക്ക്. പാലക് ആണ് ഇന്ത്യയ്ക്കായി എട്ടാം സ്വർണം നേടിയത്. ഇഷ സിങ് വെള്ളിയും സ്വന്തമാക്കി.
242.1 പോയിന്റ് നേടിയാണ് 17കാരിയായ പാലകിന്റെ സുവർണ നേട്ടം. 239.7 പോയിന്റുകൾ സ്വന്തമാക്കിയാണ് ഇഷ സിങ് വെള്ളി നേട്ടത്തിലെത്തിയത്. ഈ ഇനത്തിൽ വെങ്കലം പാകിസ്ഥാന്റെ തലത് കിഷ്മാലയ്ക്കാണ്.
എട്ട് സ്വർണവും 11 വീതം വെള്ളി വെങ്കലവുമായി ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 30ൽ എത്തി. പട്ടികയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ.
