ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും സുവർണത്തിളക്കം. ഷൂട്ടിങിലാണ് ഇന്ത്യയുടെ സ്വർണം. പുരുഷൻമാരുടെ ട്രാപ്പ് ടീം ഇനത്തിലാണ് ഇന്ത്യയുടെ സുവർണ നേട്ടം. വനിതകളുടെ ഇതേ വെള്ളിയും ഇന്ത്യ നേടി.
കിനാൻ ഡാരിയുസ് ചെനായ്, സൊരാവർ സിങ് സന്ധു, പ്രഥ്വിരാജ് ടൊൻഡെൻ എന്നിവരടങ്ങിയ ടീമാണ് സ്വർണം വെടിവച്ചിട്ടത്. 361 പോയിന്റുകളാണ് സംഘം നേടിയത്.
മനിഷ കീർ, പ്രീതി രജക്, രാജേശ്വരി കുമാരി എന്നിവരടങ്ങിയ സംഘമാണ് ഇതേ ഇനത്തിന്റെ വനിതാ ടീം ഇനത്തിൽ വെള്ളി നേടിയത്.
ഇതേ ഇനത്തിന്റെ പുരുഷൻമാരുടെ വ്യക്തിഗത വിഭാഗത്തിൽ കിനാൻ ഡാരിയുസ് ചെനായ്, സൊരാവർ എന്നിവർ ഫൈനലിലേക്ക് കടന്നിട്ടുണ്ട്. എട്ടാം ദിനത്തിൽ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. നേരത്തെ അദിതി അശോക് ഗോൾഫിൽ ഇന്ത്യക്ക് വെള്ളി സമ്മാനിച്ചിരുന്നു.
ഗെയിംസിൽ ഇന്ത്യയുടെ 11-ാം സ്വർണമാണിത്. ഷൂട്ടിങ് റെയ്ഞ്ചിലെ ഏഴാം സുവർണ നേട്ടം. 11 സ്വർണം, 16 വെള്ളി, 14 വെങ്കലം മെഡലുകളുമായി ഇന്ത്യയുടെ ആകെ നേട്ടം 41ൽ എത്തി. പട്ടികയിൽ നാലാം സ്ഥാനത്തു തുടരുന്നു.
