പരിശീലനവും തയ്യാറെടുപ്പുമില്ലാതെ ഇന്ത്യ ; ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഇന്ന് ചെെനയോട്



ഹാങ്ചൗ : പരിശീലനമോ തയ്യാറെടുപ്പോ നടത്താതെ ഇന്ത്യൻ ഫുട്ബോൾ ടീം ഏഷ്യൻ ഗെയിംസിനിറങ്ങുന്നു. ആദ്യ മത്സരത്തിൽ ഇന്ന് ആതിഥേയരായ ചൈനയാണ് എതിരാളി. വൈകിട്ട് അഞ്ചിന് സോണി നെറ്റ്വർക്കിൽ കാണാം. ഐഎസ്എൽ ക്ലബ്ബുകൾ കളിക്കാരെ വിട്ടുനൽകാത്തതിനെത്തുടർന്നാണ് ഇന്ത്യൻ ടീമിന്റെ തയ്യാറെടുപ്പ് താളംതെറ്റിയത്. ഇന്നലെയാണ് ടീം ചൈനയിൽ എത്തിയത്. വിമാനത്താവളത്തിൽവച്ചാണ് കളിക്കാർ പരസ്പരം ആദ്യമായി കാണുന്നത്. കിക്കോഫിനുമുമ്പ് ഒന്നിച്ച് പന്തുതട്ടാനാകാതെയാണ് എത്തുന്നത്. മിക്ക കളിക്കാരും ഒന്നിച്ച് കളിക്കുന്നത് ആദ്യം. സുനിൽ ഛേത്രി നയിക്കുന്ന നിരയിൽ പ്രതിരോധക്കാരൻ സന്ദേശ് ജിങ്കനാണ് മറ്റൊരു മുതിർന്ന താരം. അണ്ടർ 23 ടൂർണമെന്റാണ്. മലയാളിതാരങ്ങളായ കെ പി രാഹുലും അബ്ദുൽ റബീഹും ടീമിലുണ്ട്. 21ന് ബംഗ്ലാദേശുമായാണ് അടുത്ത കളി. 24ന് മ്യാൻമറിനെയും നേരിടും.

അതേസമയം, പ്രതിരോധതാരങ്ങളായ കൊൻസാം ചിങ്ളെൻസന സിങ്ങും ലാൽചുങ്നുൻഗയും ടീമിനൊപ്പം ചേർന്നിട്ടില്ല. വിസാ പ്രശ്നമാണ് കാരണം. രണ്ട് ദിവസത്തിനുള്ളിൽ എത്തിച്ചേരുമെന്നാണ് സൂചന. ചൈനയ്ക്കെതിരെ ഛേത്രിയും ജിങ്കനും കളിക്കില്ലെന്ന് പരിശീലകൻ ഇഗർ സ്റ്റിമച്ച് അറിയിച്ചു. രണ്ടാഴ്ച മുമ്പ് മാത്രമാണ് ഛേത്രി പരിശീലനം തുടങ്ങിയത്. അവസാന രണ്ട് മത്സരങ്ങളിൽ ഇരുവരും കളിക്കും.

സ്വന്തം തട്ടകത്തിൽ ചൈന കരുത്തരാണ്. അവസാനമായി ഇരു ടീമുകളും ഏറ്റുമുട്ടിയത് 2002ലെ ബുസാൻ ഏഷ്യൻ ഗെയിംസിലാണ്. ബൈചുങ് ബൂട്ടിയ, ജോപോൾ അഞ്ചേരി, നിലവിലെ സഹപരിശീലകൻ മഹേഷ് ഗാവ്ലി എന്നിവരുൾപ്പെട്ട ഇന്ത്യൻ നിര അന്ന് രണ്ട് ഗോളിന് തോറ്റു.
ആറ് ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് സ്ഥാനക്കാരും മികച്ച നാല് മൂന്നാംസ്ഥാനക്കാരും പ്രീ ക്വാർട്ടറിലേക്ക് മുന്നേറും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: