ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങും സമാജ്‌വാദി എംപിയുമായ പ്രിയ സരോജും തമ്മിലുള്ള വിവാഹ നിശ്ചയം ഈ മാസം 8ന്




ലഖ്‌നൗ: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങും സമാജ്‌വാദി എംപിയുമായ പ്രിയ സരോജും തമ്മിലുള്ള വിവാഹ നിശ്ചയം ഈ മാസം 8ന്. ഉത്തര്‍പ്രദേശിലെ മഛ്ലി ഷഹറില്‍ നിന്നുള്ള ലോക്സഭാംഗമാണ് പ്രിയ സരോജ്. ഇരുവരും തമ്മില്‍ വിവാഹിതരാകുന്നുവെന്ന വിവരം നേരത്തെ റിങ്കുവിന്റെ കുടുംബമാണ് പുറത്തുവിട്ടത്.

ലഖ്‌നൗവിലെ ഒരു ഹോട്ടലില്‍ വച്ചായിരിക്കും വിവാഹ നിശ്ചയം എന്നാണ് വിവരം. നേരത്തെ ഇവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞതായി അഭ്യൂഹം പരന്നിരുന്നു. ഇത് സമൂഹ മാധ്യമങ്ങളില്‍ വൈറലുമായിരുന്നു. എന്നാല്‍ അന്ന് പ്രചരിച്ചത് അഭ്യൂഹം മാത്രമാണെന്നു വ്യക്തമാകുകയാണ് ഇപ്പോള്‍.

സമാജ്‌വാദി പാര്‍ട്ടിയുടെ യുപിയിലെ മുതിര്‍ന്ന നേതാവ് തുഫാനി സരോജിന്റെ മകളാണ് പ്രിയ. ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗമാണ് 25 വയസുകാരിയായ പ്രിയ സരോജ്. നിയമത്തില്‍ ബിരുദമെടുത്ത ശേഷമാണു പ്രിയ രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംപിയായ ബിജെപിയുടെ ഭോലനാഥിനെ തോല്‍പിച്ചാണ് പ്രിയ കന്നിപ്പോരാട്ടം ജയിച്ചത്. 35,850 വോട്ടുകള്‍ക്കായിരുന്നു പ്രിയ സരോജിന്റെ വിജയം.






ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരമായ റിങ്കുവിന് ഇത്തവണ കാര്യമായി തിളങ്ങാന്‍ സാധിച്ചില്ല. നിലവിലെ ചാംപ്യന്‍മാരായ കെകെആര്‍ പ്ലേ ഓഫ് കാണാതെ പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. മെഗാ ലേലത്തിലേക്ക് വിടാതെ റിങ്കുവിനെ 13 കോടി രൂപ നല്‍കി കൊല്‍ക്കത്ത നിലനിര്‍ത്തിയിരുന്നു.

ഉത്തര്‍പ്രദേശിലെ സാധാരണ കുടുംബത്തില്‍ വളര്‍ന്ന റിങ്കു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്സിലെ തകര്‍പ്പന്‍ പ്രകടനത്തോടെയാണ് ദേശീയ ടീം സെലക്ടര്‍മാരുടെ ശ്രദ്ധയില്‍പെട്ടത്. ഫിനിഷര്‍ റോളില്‍ തിളങ്ങിയതോടെ ഇന്ത്യന്‍ ടി20 ടീമില്‍ താരം സ്ഥിരം സാന്നിധ്യമാണ് ഇപ്പോള്‍. ഇന്ത്യയുടെ ടി20 ലോകകപ്പ് കിരീട നേട്ടത്തിലും താരത്തിനു നിര്‍ണായക പങ്കുണ്ടായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: