20 കോച്ചുള്ള രണ്ട് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുമായി ഇന്ത്യൻ റെയിൽവേ

യാത്രക്കാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് 20 കോച്ചുള്ള രണ്ട് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുമായി ഇന്ത്യൻ റെയിൽവേ. നിലവിൽ ഓടുന്ന 16 കോച്ചുള്ള ട്രെയിനുകൾക്ക് പകരമായാണ് നവീകരിച്ച വന്ദേ ഭാരത് എക്സ്പ്രസ് എത്തുന്നത്. ദക്ഷിണ റെയിൽവേ (SR), ദക്ഷിണ മധ്യ റെയിൽവേ (SCR) മേഖലകൾക്കാണ് പുതിയ വന്ദേഭാരത് അനുവദിച്ചിരിക്കുന്നത്.


കേരളത്തിലെ തിരുവനന്തപുരം സെൻട്രലിനും കാസർഗോഡിനും ഇടയിൽ ഓടുന്ന ട്രെയിനുകളിലാണ് മാറ്റം വന്നിരിക്കുന്നത്. എട്ട് മണിക്കൂറും അഞ്ച് മിനിറ്റും കൊണ്ട് 588 കിലോമീറ്റർ ദൂരമാണ് വന്ദേ ഭാരത് സഞ്ചരിക്കുന്നത്. വ്യാഴാഴ്ച ഒഴികെ എല്ലാ ദിവസവും ട്രെയിൻ സർവീസ് നടത്തുന്നതാണ്. കൊല്ലം ജംഗ്ഷൻ, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ ജംഗ്ഷൻ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് കേരളത്തിലോടുന്ന വന്ദേഭാരത് ട്രെയിനിന് സ്റ്റോപുകളുള്ളത്.

തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുലർച്ചെ 5:15 ന് പുറപ്പെടുന്ന 20634 നമ്പർ വന്ദേഭാരത് 1:20 ന് കാസർകോട്ട് എത്തിച്ചേരുന്നു. തിരിച്ച് കാസർകോട് നിന്ന് ഉച്ചയ്ക്ക് 2:30 ന് പുറപ്പെടുന്ന 20633 നമ്പർ വന്ദേഭാരത് രാത്രി 10:40 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. നവീകരിച്ച രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ വിശാഖപട്ടണത്തിനും സെക്കന്തരാബാദിനും ഇടയിൽ സർവീസ് നടത്തുന്നതാണ്.

20833/20834 എന്ന നമ്പറിൽ ഓടുന്ന ട്രെയിൻ എട്ട് മണിക്കൂറും 35 മിനിറ്റും കൊണ്ടാണ് 699 കിലോമീറ്റർ സഞ്ചരിക്കുന്നത്. ഈ റൂട്ടിലോടുന്ന ഏറ്റവും വേഗതയേറിയ ട്രെയിൻ എന്ന പ്രത്യേകതയും ഇതിനുണ്ട്. ചൊവ്വാഴ്ച ഒഴികെ എല്ലാ ദിവസവും ഈ റൂട്ടിൽ സർവീസ് നടത്തുന്നതായിരിക്കും. സമൽകോട്ട് ജംഗ്ഷൻ, രാജമുണ്ട്രി, വിജയവാഡ ജംഗ്ഷൻ, ഖമ്മം, വാറങ്കൽ എന്നിവിടങ്ങളിലാണ് സ്റ്റോപുള്ളത്. വിശാഖപട്ടണത്ത് നിന്ന് പുലർച്ചെ 5:45 ന് പുറപ്പെടുന്ന 20833 എന്ന ട്രെയിൻ ഉച്ചയ്ക്ക് 2:20 ന് സെക്കന്തരാബാദിൽ എത്തിച്ചേരും. തിരിച്ച് സെക്കന്തരാബാദിൽ നിന്ന് ഉച്ചകഴിഞ്ഞ് 3:00 ന് പുറപ്പെടുന്ന 20834 എന്ന ട്രെയിൻ , രാത്രി 11:35 ന് വിശാഖപട്ടണത്ത് എത്തിച്ചേരും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: