അമൃത്‌സർ: കൈകളിലും കാലുകളിലും വിലങ്ങുവെച്ചാണ് തങ്ങളെ തിരിച്ചെത്തിച്ചതെന്ന് അമേരിക്കയിൽ നിന്നും അനധികൃത കുടിയേറ്റത്തിന്റെ പേരിൽ നാടുകടത്തപ്പെട്ട ഇന്ത്യക്കാർ. ഇന്നലെ അമേരിക്കയുടെ സൈനിക വിമാനത്തിൽ അമൃത്സറിലെത്തിച്ച ഇന്ത്യക്കാരാണ് അമേരിക്കൻ ഭരണകൂടം തങ്ങളോട് മനുഷ്യത്വരഹിതമായാണ് പെരുമാറിയതെന്ന് ആരോപിക്കുന്നത്. കാലുകളും കൈകളും വിലങ്ങുകളാൽ ബന്ധിച്ചിരുന്നെന്നും വിമാനത്തിലെ സീറ്റിൽ നിന്നും ചലിക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നെന്നും ഇവർ വെളിപ്പെടുത്തി.
അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്ക തിരിച്ചയച്ച 104 ഇന്ത്യക്കാരുമായി യു.എസ്. സൈനിക വിമാനം സി-17 ഇന്നലെയാണ് പഞ്ചാബിലെ അമൃത്‌സറിലിറങ്ങിയത്. ഉച്ചയോടെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനമിറങ്ങിയത്. പഞ്ചാബിൽനിന്ന് 30 പേർ, ഹരിയാണ, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്ന് 33 പേർ വീതം, മഹാരാഷ്ട്ര, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽനിന്ന് മൂന്നുപേർ വീതം, ചണ്ഡീഗഢിൽനിന്ന് രണ്ടുപേരുമാണ് എത്തിയത്. 205 അനധികൃത കുടിയേറ്റക്കാരെ തിരിച്ചുകൊണ്ടുവരുന്നെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോർട്ട്. അമേരിക്ക നാടുകടത്തുന്ന ആദ്യ ഇന്ത്യൻ കുടിയേറ്റക്കാരുടെ സംഘമാണ് മടങ്ങിയെത്തിയത്.
കാലുകളും കൈകളും ബന്ധിച്ചിരുന്നതായും അമൃത്‌സർ വിമാനത്താവളത്തിൽവെച്ചാണ് വിലങ്ങുകളഴിച്ചതെന്നും ഇന്ത്യയിലെത്തിയ ജസ്പാൽ സിങ് എന്നയാൾ പി.ടി.ഐയോട് പ്രതികരിച്ചു. ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് തങ്ങൾക്ക് അറിവുണ്ടായിരുന്നില്ലെന്നും തിരിച്ചെത്തിയവർ പറയുന്നു. ഞങ്ങളെ മറ്റൊരു ക്യാമ്പിലേക്ക് മാറ്റുന്നുവെന്നാണ് ആദ്യം കരുതിയത്. എന്നാൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ തങ്ങളെ ഇന്ത്യയിലേക്കാണ് കൊണ്ടുപോകുന്നതെന്ന് പറഞ്ഞു. ഞങ്ങളുടെ കാലുകളും കൈയ്യും വിലങ്ങുവെച്ച് ബന്ധിച്ചു. അമൃത്‌സർ വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിലങ്ങ് അഴിച്ചതെന്നും ജസ്പാൽ സിങ് കൂട്ടിച്ചേർത്തു.
നിയമപരമായി യുഎസിലേക്ക് കടക്കാനാണ് ശ്രമിച്ചതെന്നും അതിന് വേണ്ടിയുള്ള വിസയ്ക്കായി സമീപിച്ച ഏജന്റ് വഞ്ചിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. 30 ലക്ഷത്തിന്റെ ഡീലാണ് നടത്തിയത്. കടം വാങ്ങിയ പണമാണ് ഇതിനായി ചെലവഴിച്ചത്. തിരിച്ചയച്ചതോടെ ഭാവിയിൽ കണ്ട സ്വപ്‌നങ്ങൾ ഇതോടെ തകർന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
40 മണിക്കൂറോളം തങ്ങളുടെ കൈയ്യിലും കാലിലും വിലങ്ങുവെച്ചെന്ന് രാജ്യത്ത് തിരിച്ചെത്തിയ പഞ്ചാബ് സ്വദേശി ഹർവീന്ദർ സിങ് പറഞ്ഞു. സീറ്റിൽ നിന്ന് ഒരു ഇഞ്ച് പോലും അനങ്ങാൻ സാധിച്ചില്ല. നിരന്തരമായ അഭ്യർഥനകൾക്ക് ശേഷമാണ് വാഷ്‌റൂമിലേക്ക് പോകാൻ അനുവദിച്ചത്. 40 മണിക്കൂറോളം കൃത്യമായി ഭക്ഷണം കഴിക്കാനായില്ല. ശാരീരികമായി മാത്രമല്ല മാനസികമായും ബുദ്ധിമുട്ടേറിയ യാത്രയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എസിൽനിന്ന് നാടുകടത്തിയ ഇന്ത്യക്കാരെ കൈവിലങ്ങുവെച്ച് അപമാനിച്ചെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. ഇതിന്റെ ദൃശ്യങ്ങൾ ദുഃഖകരമാണ്. 2013-ൽ ഇന്ത്യൻ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയോട് മോശമായി പെരുമാറിയതിനെതിരേ അന്നത്തെ യു.പി.എ. സർക്കാർ ശക്തമായി പ്രതികരിച്ചതിനാൽ അമേരിക്ക ഖേദം പ്രകടിപ്പിച്ചതായി കോൺഗ്രസ് മാധ്യമവിഭാഗം മേധാവി പവൻ ഖേര പറഞ്ഞു.
കാലുകൾ ചങ്ങലയാൽ ബന്ധിക്കപ്പെട്ട സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന സംഘം എയർപോർട്ടിലിരിക്കുന്ന ചിത്രം ഇന്നലെ പ്രചരിച്ചിരുന്നു. ഇന്ത്യക്കാരെ നാടുകടത്തിയതിന്റെ ദൃശ്യങ്ങൾ എന്ന പേരിലാണ് ചിത്രം പ്രചരിച്ചത്. ബിജെപി വിരുദ്ധ കേന്ദ്രങ്ങൾ ഈ ചിത്രം വ്യാപകമായി പ്രചരിപ്പിച്ചു. എന്നാൽ ഇത് വാസ്തവ വിരുദ്ധമായ പ്രചാരണമാണെന്ന അവകാശ വാദവുമായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ(PIB) രംഗത്തെത്തിയിരുന്നു.
ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള സൗഹൃദത്തെ വിമർശിച്ചാണ് കോൺഗ്രസ് – ഇടത് കേന്ദ്രങ്ങൾ വിമർശനം ഉയർത്തിയത്. മോദിയുടെ സുഹൃത്തായിരുന്നിട്ടും ട്രംപ് ഇന്ത്യക്കാരെ കൈകാലുകൾ ബന്ധിച്ചാണ് നാടുകടത്തിയതെന്ന പ്രചരണം ഈ ചിത്രത്തോടൊപ്പം വ്യാപകമായി. എന്നാൽ, ഈ ചിത്രങ്ങൾ ഇന്ത്യക്കാരുമായി ബന്ധപ്പെട്ടതല്ലെന്നും ജനുവരി 30 ന് അമേരിക്കയിൽ നിന്ന് ഗ്വാട്ടിമാലയിലേക്ക് നാടുകടത്തപ്പെട്ട 80 കുടിയേറ്റക്കാരെയാണ് ചിത്രത്തിൽ കാണുന്നതെന്നുമാണ് PIB യുടെ കണ്ടെത്തൽ.
കോൺഗ്രസ് നേതാക്കളും ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. “യുഎസിൽ നിന്ന് നാടുകടത്തപ്പെടുമ്പോൾ ഇന്ത്യക്കാരുടെ കൈകൾ വിലങ്ങുവെച്ച് അപമാനിക്കപ്പെടുന്നതിൻ്റെ ചിത്രങ്ങൾ കാണുമ്പോൾ ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ എനിക്ക് സങ്കടമുണ്ട്”, നാടുകടത്തപ്പെട്ട ഇന്ത്യക്കാരെ “കൈകെട്ടി അപമാനിച്ചു” എന്ന് ചിത്രം പങ്കുവച്ചുകൊണ്ട് കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു. ചിത്രം ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകുകയും നിരവധിആളുകൾ അതിൽ പ്രതികരണവുമായി എത്തി. വിദേശകാര്യ സെക്രട്ടറി സുജാത സിംഗ്, യുഎസ് അംബാസഡർ നാൻസി പാവൽ എന്നിവർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ട്രംപിന്റെ കുടിയേറ്റ നയം ഇന്ത്യക്കാരെയും ബാധിക്കും
അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയം ഇന്ത്യക്കാരെ സാരമായി ബാധിക്കും എന്നാണ് റിപ്പോർട്ട്. ഏകദേശം ഇരുപതിനായിരത്തോളം ഇന്ത്യക്കാരെ നടപടി ബാധിക്കും. ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം 18,000 ഇന്ത്യക്കാരെയാണ് അമേരിക്കൻ അധികൃതർ അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. അമേരിക്കൻ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിന്റെ കണക്കുകൾ അനുസരിച്ച് 17,940 പേർ അടിയന്തരമായി നാടുകടത്തലിന് വിധേയമായേക്കാം. മറ്റുള്ളവർ യുഎസ് ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന്റെ ഇആർഒ വിഭാഗത്തിന് കീഴിൽ തടങ്കലിലാണ്. ഈ കണക്കുകളിൽ വ്യത്യാസമുണ്ടാകാൻ സാധ്യതയുണ്ട്.
അമേരിക്കയിൽ നിന്ന് നിയമാനുസൃതം നാടുകടത്തപ്പെടുന്ന ഇന്ത്യക്കാരെ സ്വീകരിക്കുമെന്ന് തന്നെയാണ് ഇന്ത്യയുടെ നിലപാട്. അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെടുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ പരിശോധിച്ച് വരികയാണെന്നാണ് നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞത്. ‘അമേരിക്ക ഉൾപ്പടെ ഏതൊരു രാജ്യത്തും ഞങ്ങളുടെ പൗരന്മാരിൽ ആരെങ്കിലും, നിയമവിരുദ്ധമായി കഴിയുന്നുണ്ടെങ്കിൽ, അവർ ഇന്ത്യൻ പൗരന്മാരാണെന്ന് ഉറപ്പുണ്ടെങ്കിൽ, ഇന്ത്യയിലേക്കുള്ള അവരുടെ വരവിനെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യും’, എന്നായിരുന്നു ജയശങ്കർ പറഞ്ഞത്. കുടിയേറ്റക്കാരെfact checks തിരിച്ചെടുക്കുന്ന കാര്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി ശരിയായ കാര്യം ചെയ്യുമെന്ന് നരേന്ദ്രമോദിയുമായുള്ള ഫോൺ സംഭാഷണത്തിന് ശേഷം ഡൊണാൾഡ് ട്രംപ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
