ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ കോടതി കൊല്ലത്ത് പ്രവർത്തനമാരംഭിക്കും. സുപ്രീംകോടതി ജഡ്ജി ബി ആർ ഗവായി കൊച്ചിയിൽ കോടതി ഉദ്ഘാടനം ചെയ്തു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരമുള്ള കേസുകൾ പരിഗണിക്കുന്നതിനാണ് ഡിജിറ്റൽ കോടതി ആരംഭിച്ചിരിക്കുന്നത്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരമുള്ള നിരവധി കേസുകളാണ് രാജ്യത്ത് കെട്ടിക്കിടക്കുന്നത്. ഡിജിറ്റൽ കോടതി വരുന്നതോടെ നേരിട്ട് കോടതിയിൽ ഹാജരാകേണ്ടതില്ല.
ജാമ്യാപേക്ഷകളും ഓൺലൈനായി പരിഗണിക്കാം. കൂടാതെ ഈ നിയമത്തിന് കീഴിൽ വരുന്ന കേസുകളിൽ പരാതി നൽകുന്നതും പരിശോധിക്കുന്നതും രജിസ്റ്റർ ചെയ്യുന്നതും വക്കാലത്ത് നൽകുന്നത് മുതൽ നോട്ടീസ് അയക്കുന്നത് വരെയുള്ള കാര്യങ്ങൾ ഓൺലൈനായി മാറുന്നതിലൂടെ ഇത്തരം കേസുകൾ വേഗത്തിൽ തീർപ്പാക്കുവാൻ സഹായിക്കുമെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു.
*എന്താണ് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട്?*
സാധാരണയായി വാണിജ്യ ഇടപാടുകള്‍ നടത്തുമ്പോൾ ചില പ്രത്യേകതരം പ്രമാണങ്ങൾ ഉപയോഗിച്ച് പണമിടപാട് നടത്താറുണ്ട്. ഇത്തരത്തിൽ പ്രതിഫലം വാങ്ങി, മറ്റൊരു വ്യക്തിക്ക് കൈമാറ്റം ചെയ്യാവുന്ന അഥവാ ക്രയവിക്രയം നടത്താവുന്ന രൂപത്തിൽ നൽകുന്ന പ്രമാണങ്ങളെയാണ് നെഗോഷ്യബിൾ ഇൻസ്ട്രമെന്റ്സ് അഥവാ കൈമാറാവുന്ന പ്രമാണങ്ങൾ എന്നുപറയുന്നത്. കൈമാറാവുന്ന പ്രമാണങ്ങളിൽ പ്രധാനപ്പെട്ടവ വാഗ്ദാനപത്രം, ചെക്ക് തുടങ്ങിയവയാണ്.
അതേ സമയം ഡിജിറ്റൽ കോർട്ട് റൂം, ഡിജിറ്റൽ ലൈബ്രറി ആൻഡ് ലീഗൽ റിസർച്ച് സെന്റർ, ജുഡീഷ്യൽ അക്കാദമിയിലെ ലേണിങ് മാനേജ്മെന്റ് സിസ്റ്റം, ഓൺലൈൻ ഡിസ്പ്യൂട്ട് റെസല്യൂഷൻ സിസ്റ്റം എന്നിവയുടെ ഉദ്ഘാടനവും ജസ്റ്റിസ് ഗവായി നിർവഹിച്ചു. കൂടാതെ പട്ടികജാതി, പട്ടികവർഗ്ഗ പീഡന നിരോധന, നിയമപ്രകാരമുള്ള കേസുകൾ പരിഗണിക്കുന്നതിന് വേണ്ടി എറണാകുളത്ത് പ്രത്യേകമായി ആരംഭിച്ച കോടതി, നിക്ഷേപ തട്ടിപ്പുകളിൽ അകപ്പെടുന്നവരെ സംരക്ഷിക്കാനുള്ള കേസുകൾ പരിഗണിക്കുന്നതിനായി ആലപ്പുഴയിൽ ആരംഭിച്ച കോടതി എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും നിർവഹിച്ചു.

