Headlines

ഇന്ത്യയുടെ അഭിമാന സൗരദൗത്യമായ ആദിത്യ എല്‍ 1 ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും

ബെംഗളൂരു: ഇന്ത്യയുടെ അഭിമാന സൗരദൗത്യമായ ആദിത്യ എല്‍ 1 ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും. വൈകിട്ട് നാല് മണിയോടെ ലഗ്രാഞ്ച് പോയിന്റ് വണ്ണിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റിലെത്തും. ദൗത്യം വിജയകരമായാല്‍ ഐഎസ്ആര്‍ഒയ്ക്കും രാജ്യത്തിനും അത് അഭിമാന നേട്ടമായി മാറും. 126 ദിവസത്തെ യാത്രയ്‌ക്കൊടുവില്‍ 15 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ആദിത്യ എല്‍ വണ്‍ ലഗ്രാഞ്ച് പോയിന്റ് വണ്ണിലെത്തുന്നത്. ഭൂമിയുടേയും സൂര്യന്റെയും ആകര്‍ഷണങ്ങളില്‍ പെടാതെ ലഗ്രാഞ്ച് പോയന്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണ പഥത്തിലാണ് ആദിത്യ വലം വെക്കുക.

കഴിഞ്ഞ മാസം ആദിത്യ എല്‍ 1 പകര്‍ത്തിയ സൂര്യന്റെ ഫുള്‍ ഡിസ്‌ക് ചിത്രങ്ങള്‍ ഐഎസ്ഐര്‍ഒ പുറത്തുവിട്ടിരുന്നു. പേടകത്തിലെ സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിംഗ് ടെലിസ്‌കോപ്പ് എന്ന പേലോഡ് ഉപയോഗിച്ചാണ് ആദിത്യ എല്‍ 1 ചിത്രങ്ങള്‍ പകര്‍ത്തിയത്. 200- 400 നാനോമീറ്റര്‍ തരംഗദൈര്‍ഘ്യത്തില്‍, വിവിധ ഫില്‍ട്ടറുകള്‍ ക്രമീകരിച്ച് സൂര്യന്റെ ഫോട്ടോസ്ഫിയറിന്റെയും ക്രോമോസ്ഫിയറിന്റെയും ചിത്രങ്ങള്‍ സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിംഗ് ടെലിസ്‌കോപ്പ് പകര്‍ത്തിയതായും ഐഎസ്ആര്‍ഒ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.ചന്ദ്രയാന്‍ മൂന്ന് പേടകം സഞ്ചരിച്ചതിന്റെ നാലിരട്ടി ദൂരത്ത് നിന്നാണ് ആദിത്യ പേടകം നിരീക്ഷിക്കുന്നത്. നാസയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ജപ്പാന്‍ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷന്‍ ഏജന്‍സിയുമാണ് ഇതുവരെ സൗരദൗത്യങ്ങള്‍ നടത്തിയിട്ടുള്ളത്. ആദിത്യ എല്‍ വണ്‍ ലക്ഷ്യം കണ്ടാല്‍ അത് ഇന്ത്യയുടെ ബഹിരാകാശ ചരിത്രം മാറ്റിമറിക്കും. സൗര ദൗത്യത്തില്‍ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.

സെപ്തംബര്‍ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് ആദിത്യ എല്‍1 വിക്ഷേപിച്ചത്. പിഎസ്എല്‍വി സി 57 റോക്കറ്റിലായിരുന്നു വിക്ഷേപണം. സൂര്യന്റെ പ്രഭാമണ്ഡലത്തെ പറ്റിയും, കാന്തികമണ്ഡലത്തെ പറ്റിയും, സൂര്യസ്ഫോടനങ്ങളെ പറ്റിയും കൂടുതല്‍ വിവരങ്ങള്‍ ആദിത്യയിലൂടെ മനസിലാക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷ. സൗരാന്തരീക്ഷത്തിന്റെ ചലനാത്മകതയും ഘടനയും മനസിലാക്കല്‍, സൗരവാത ഗതിവേഗവും താപനില വ്യതിയാനവും മനസിലാക്കല്‍ എന്നിവയും ആദിത്യയുടെ ലക്ഷ്യങ്ങളാണ്. ഇതിനായി ഏഴ് പേലോഡുകളാണ് ആദിത്യ എല്‍ 1-ലുള്ളത്. നാലെണ്ണം സൂര്യനില്‍ നിന്നുള്ള പ്രകാശം നിരീക്ഷിക്കും. മറ്റ് മൂന്നെണ്ണം സൂര്യന്റെ പ്ലാസ്മ, കാന്തിക വലയം എന്നിവയെപ്പറ്റി പഠിക്കും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: