ന്യൂഡൽഹി: രാജ്യത്തെ പാവപ്പെട്ടവർക്ക് സൗജന്യ റേഷൻ നൽകുന്നതിനു പകരം, അവർക്കായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമർശം. വലിയ തോതിൽ റേഷൻ നൽകുന്ന രീതി തുടരുകയാണെങ്കിൽ, ജനങ്ങളെ പ്രീണിപ്പിക്കുക ലക്ഷ്യമിട്ട് സംസ്ഥാന സർക്കാരുകൾ റേഷൻ കാർഡുകൾ വിതരണം ചെയ്യുന്നത് തുടർന്നുകൊണ്ടിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
കാരണം ഭക്ഷ്യധാന്യങ്ങൾ നൽകേണ്ട ബാധ്യത കേന്ദ്രസർക്കാരിനാണ് എന്ന് സംസ്ഥാന സർക്കാരുകൾക്ക് അറിയാം. എന്നാൽ സംസ്ഥാനങ്ങളോട് സൗജന്യ റേഷൻ നൽകാൻ ആവശ്യപ്പെട്ടാൽ, അവരിൽ പലരും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി തങ്ങൾക്ക് കഴിയില്ലെന്ന് പറയുകയാകും ചെയ്യുക. അതുകൊണ്ടു തന്നെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലാണ് കേന്ദ്രസർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
