ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും വെടിനിർത്തല്‍ ധാരണയിലെത്തിയതിന് പിന്നാലെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കെതിരെ കടുത്ത സൈബറാക്രമണം
മിസ്രിയെയും അദ്ദേഹത്തിന്റെ മകള്‍ക്കുനേരെയും അധിക്ഷേപകരമായ കമന്റുകളാണ് സൈബറിടത്തില്‍ ഒരുവിഭാഗം ആളുകളില്‍ നിന്നുണ്ടായത്. രാജ്യദ്രോഹിയെന്നും ചതിയനെന്നുമുള്ള കമന്റുകളാണ് പലരും പോസ്റ്റ് ചെയ്തത്. ചിലർ മിസ്രിയുടെയും മകളുടെയും പൗരത്വം തന്നെ ചോദ്യം ചെയ്തു.
മിസ്രിയുടെ മകള്‍ അഭിഭാഷകയാണ്. റോഹിംഗ്യൻ അഭയാർഥികള്‍ക്ക് വേണ്ടി നിയമസഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് ചിലർ കമന്റുകളുമായി വന്നത്. ഇതിന് പുറമെ ദി വയർ എന്ന മാധ്യമസ്ഥാപനത്തിനെ അനുകൂലിച്ചെഴുതിയതിനെയും ചിലർ വിമർശിച്ച് രംഗത്തെത്തി. സൈബർ അധിക്ഷേപം രൂക്ഷമായതോടെ മിസ്രിയുടെ ‘എക്സ്’ അക്കൗണ്ട് ലോക്ക് ചെയ്തു.
മുൻ സിവില്‍ സർവീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും മിസ്രിയെ പിന്തുണച്ച് രംഗത്ത് വന്നു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥൻ വിനയ് നർവാളിന്റെ ഭാര്യ ഹിമാംശിക്കെതിരെയും സൈബറാക്രമണം ഉണ്ടായിരുന്നു. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ മുസ്ലീങ്ങളെ ലക്ഷ്യമിടുന്നതിനെതിരെ സംസാരിച്ചതിനാണ് അവർക്കെതിരെ ഒരുവിഭാഗം തിരിഞ്ഞത്.
മിസ്രിയ്ക്ക് പിന്തുണയുമായി മുൻ സഹപ്രവർത്തകർ, പ്രതിപക്ഷം, സിവില്‍ സർവീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയും രംഗത്ത് വന്നിട്ടുണ്ട്. “സിവില്‍ സർവീസുകാർ ഭരണത്തിലുള്ള രാഷ്ട്രീയ നേതൃത്വത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്. രാഷ്ട്രീയ നേതൃത്വം എടുക്കുന്ന തീരുമാനങ്ങള്‍ക്ക് അവരെ കുറ്റപ്പെടുത്തരുത്.” എഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി പറഞ്ഞു.
ഇന്ത്യ-പാക് വെടിനിർത്തല്‍ പ്രഖ്യാപനത്തിന്റെ പേരില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയെയും കുടുംബത്തെയും ആക്രമിക്കുന്നത് തികച്ചും ലജ്ജാകരമാണ്. മികച്ച നയതന്ത്രജ്ഞനായ മിസ്രി ഇന്ത്യയെ അർപ്പണബോധത്തോടെ രാജ്യത്തെ സേവിക്കുന്നു. അദ്ദേഹത്തെ അധിക്ഷേപിക്കുന്നത് ന്യായീകരിക്കാനാകില്ലെന്ന് മുൻ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു അഭിപ്രായപ്പെട്ടു.
