കൊച്ചി തീരത്ത് ചെരിഞ്ഞ കപ്പലില്‍ നിന്നുള്ള വസ്തുക്കള്‍ വീണ്ടെടുക്കാന്‍ തീവ്രശ്രമം

കൊച്ചി: കൊച്ചി തീരത്ത് ചെരിഞ്ഞ കപ്പലില്‍ നിന്നുള്ള വസ്തുക്കള്‍ വീണ്ടെടുക്കാന്‍ തീവ്രശ്രമം. തീരത്തു നിന്നും 38 നോട്ടിക്കല്‍ മൈല്‍ തെക്കുപടിഞ്ഞാറായാണ് കപ്പല്‍ അപകടത്തില്‍പ്പെട്ടത്. ചുഴിയില്‍പ്പെട്ടാണ് കപ്പല്‍ ചെരിഞ്ഞതെന്നാണ് സൂചന

കപ്പലില്‍ നിന്ന് കണ്ടെയ്നറുകള്‍ നീക്കി അപകടാവസ്ഥ പൂര്‍ണ്ണമായും ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ്. കപ്പലില്‍ ഏകദേശം 400 കണ്ടെയ്നറുകളുണ്ടെന്നാണ് പ്രാഥമിക വിവരം. നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും മൂന്ന് കപ്പലുകളും ഒരു വിമാനവുമാണ് രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുള്ളത്.

കപ്പലിലെ കണ്ടെയ്‌നറുകളിലുള്ള മറൈന്‍ ഓയലും രാസവസ്തുക്കളും കടലില്‍ പരന്നാല്‍ അപകടകരമായ സ്ഥിതിയുണ്ടാകും. കപ്പല്‍ 25 ഡിഗ്രിയോളം ചെരിഞ്ഞ് വളരെ അപകടകരമായ അവസ്ഥയിലായിരുന്നു. മറൈന്‍ ഗ്യാസ് ഓയിലാണ് കാര്‍ഗോയിലുണ്ടായിരുന്നത്. ചെറിയ തോതില്‍ സള്‍ഫര്‍ അടങ്ങിയ എണ്ണയാണിത്.




ക്യാപ്റ്റനും ചീഫ് എന്‍ജിനിയറും സെക്കണ്ട് എന്‍ജിനിയറും കപ്പലില്‍ തുടരുകയാണ്. അവശേഷിച്ച 21 ജീവനക്കാരെയും രക്ഷിച്ചു. ലൈബീരിയന്‍ പതാക വഹിക്കുന്ന എം.എസ്.സി എല്‍സ ത്രി എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്.

വിഴിഞ്ഞത്തുനിന്ന് ചരക്കുമായി നീങ്ങിയ കപ്പലില്‍ 24 ജീവനക്കാരുണ്ടായിരുന്നു. ഇതില്‍ ഒന്‍പതുപേര്‍ ലൈഫ് റാഫ്റ്റില്‍ കടലില്‍ ഇറങ്ങി. കപ്പലിലെ ക്യാപ്റ്റന്‍ റഷ്യക്കാരനാണ്. ജീവനക്കാരില്‍ 20 പേര്‍ ഫിലിപ്പീന്‍സ് പൗരന്മാരാണ്. കൂടാതെ രണ്ട് യുക്രെയ്‌നികളും ഒരു റഷ്യക്കാരനും ഒരു ജോര്‍ജിയക്കാരനും ജീവനക്കാരായുണ്ട്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: