കൊല്ലം: ഐഎൻടിയുസി നേതാവ് അഞ്ചൽ രാമഭദ്രനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗം അടക്കം 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി. സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജയമോഹൻ ഉൾപ്പെടെയുള്ള നാല് പ്രതികളെ കോടതി വെറുതെ വിട്ടു. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. ഈ മാസം 30 ന് പ്രതികൾക്കുള്ള ശിക്ഷ വിധിക്കും.
അഞ്ചൽ രാമഭദ്രനെ കൊലപ്പെടുത്തി 14 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. ഐഎൻടിയുസി ഏരൂർ മണ്ഡലം വൈസ് പ്രസിഡൻറായിരുന്ന രാമഭദ്രനെ 2010 ഏപ്രിൽ 10നാണ് വീട്ടിനുള്ളിൽ കയറി സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണം.
മക്കള്‍ക്കൊപ്പം ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് സിപിഎം പ്രവർത്തകർ രാമഭദ്രനെ വെട്ടിക്കൊലപ്പെടുത്തിയത്. ആദ്യം ലോക്കൽ പൊലീസും, പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചു. രാമഭദ്രൻെറ ഭാര്യ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്.
19 പ്രതികള്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. ഇതിൽ ഒരു പ്രതി മരിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിച്ചത്. കൊലപാതകത്തിൽ നേരിട്ട് പങ്കളിയാവർക്ക് പുറമേ ഗൂഢാലോചനയ്ക്കും, പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചതിനുമാണ് സിപിഎം നേതാക്കളെ പ്രതിയാക്കിയത്

