തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം മോഷ്ടിക്കാൻ ശ്രമിച്ച കേസില്‍ കൂടുതൽ ജീവനക്കാരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. 24 ജീവനക്കാരെ പൊലീസ് ഇതുവരെ ചോദ്യം ചെയ്തു. നേരത്തേ മോഷണശ്രമമല്ലെന്ന നിലപാടിലായിരുന്നു പൊലീസ്. കാണാതായ സ്വർണ്ണം മണൽപ്പരപ്പിൽ കുഴിച്ചിട്ടനിലയിലാണ് കണ്ടെത്തിയത്. ഇതോടെയാണ് മോഷണ ശ്രമം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏഴ് മുതൽ പത്താം തീയതി വരെ ആടയാഭരണങ്ങളുടെ ചുമതല വഹിച്ചിരുന്ന ജീവനക്കാരെയാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസം വൈകിട്ട് സ്ട്രോംഗ് റൂമിന് 40 മീറ്റർ അകലെ മണൽപ്പരപ്പിൽ നിന്നാണ് സ്വർണ്ണം കണ്ടെത്തിയത്. ഇതിനിടെ, ക്ഷേത്രത്തിലെ സ്വത്ത് വിവരം പുറത്തുവിടണമെന്ന ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ഭക്തരിൽ ഒരു വിഭാഗം. കഴിഞ്ഞ വ്യാഴാഴ്ചയാണ് ക്ഷേത്രത്തിലെ ശ്രീകോവിലിന് മുന്നിലെ വാതിലിൽ പഴയ സ്വർണത്തകിട് മാറ്റി പുതിയത് പൊതിയുന്നതിനായി വച്ചിരുന്ന 13.5 പവൻ സ്വർണം മോഷണം പോയത്. ക്ഷേത്രകവാടം നിർമിക്കാനായി സംഭാവന ലഭിച്ച സ്വർണമായിരുന്നു നഷ്ടപ്പെട്ടത്. ഈ മാസം ഏഴാം തീയതിക്കും പത്താം തീയതിക്കുമിടയിലാണ് മോഷണം നടന്നത്. കാണാതായി ദിവസങ്ങൾക്കുള്ളിൽ തന്നെ ക്ഷേത്രത്തിനുള്ളിലെ മണൽപ്പരപ്പിൽ നിന്നും സ്വർണം കണ്ടെടുത്തിരുന്നു.
