പത്തനംതിട്ട: മാവേലി സ്റ്റോറിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയ ഷോപ്പ് ഇൻ ചാർജിന് 12 വർഷം കഠിന തടവും 5,68,000 രൂപ പിഴയും വിജിലൻസ് കോടതി ശിക്ഷ വിധിച്ചു. പത്തനംതിട്ട സീതത്തോട് മാവേലി സ്റ്റോറിൽ അഴിമതി നടത്തിയ കേസിൽ ജി തുളസീധരൻ (65) എന്നയാൾക്കാണ് കോടതി ശിക്ഷ വിധിച്ചത്.
സീതത്തോട് മാവേലി സ്റ്റോറിൽ 2007 – 2008 കാലഘട്ടത്തിൽ അസിസ്റ്റന്റ് സെയിൽസ്മാൻ ആൻഡ് ഷോപ്പ് ഇൻ ചാർജ് ആയി ചുമതല വഹിച്ചയാളാണ് ജി തുളസീധരൻ. ഇയാൾ മാവേലി സ്റ്റോറിൽ നിന്നും 5,68,000 രൂപയുടെ ക്രമക്കേട് നടത്തിയതായി തിരുവനന്തപുരം വിജിലൻസ് കോടതി കണ്ടെത്തി. രണ്ട് കേസുകളിലായി 12 വർഷത്തെ കഠിനതടവ് വിധിച്ചിട്ടുണ്ടെങ്കിലും വിധി ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റിയിലെ റെവന്യു ഇന്‍സ്പെക്ടര്‍ ഉണ്ണികൃഷ്ണന്‍ എംപി കൈക്കൂലി വാങ്ങവേ കഴിഞ്ഞ വിജിലൻസ് പിടിയിലായിരുന്നു. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റി നൽകുന്ന നടപടികൾക്കായി 2000 രൂപ കൈക്കൂലിയാണ് ഇയാൾ ചോദിച്ച് വാങ്ങിയത്. പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റി പരിധിയിൽ പരാതിക്കാരന്റെ മകള്‍ വാങ്ങിയ വസ്തുവില്‍ ഉള്ള വീടിന്റെ ഉടമസ്ഥാവകാശം മാറ്റി കിട്ടുന്നതിലേക്ക് ഈ മാസം ഒന്‍പതാം തിയതി അപേക്ഷ സമർപ്പിച്ചിരുന്നു.
പലവട്ടം ഓഫീസില്‍ ചെല്ലുമ്പോഴും ഉണ്ണികൃഷ്ണന്‍ തിരക്കാണെന്നും അടുത്ത ദിവസം വരാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഓഫീസില്‍ ചെന്നപ്പോള്‍ സ്ഥല പരിശോധനക്കായി വരാമെന്നും, വരുമ്പോള്‍ 2000 രൂപ കൈക്കൂലി വേണമെന്നും ആവശ്യപ്പെട്ടു. പരാതിക്കാരന്‍ ഈ വിവരം വിജിലൻസ് വടക്കന്‍ മേഖല പൊലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിനെ അറിയിക്കുകയായിരുന്നു

