കൊച്ചി : ഐ എസ് എൽ പത്താം സീസണ് ഇന്ന് കൊച്ചിയിൽ കിക്കോഫ്. വിവാദ പ്ലേഓഫിനു മുൻപും ശേഷവും കളത്തിൽ ബദ്ധവൈരികളായ ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും ഐഎസ്എൽ 10-ാം സീസൺ ഉദ്ഘാടനപ്പോരിൽ ഇന്നു രാത്രി 8നു കലൂർ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. ഇന്നലെ ബെംഗളൂരു എഫ്സി കോച്ച് സൈമൺ ഗ്രേസണും കേരള ബ്ലാസ്റ്റേഴ്സ് സഹപരിശീലകൻ ഫ്രാങ്ക് ഡോവനും പറഞ്ഞത് ഇങ്ങനെ: “കഴിഞ്ഞ സീസണിൽ സംഭവിച്ചതെല്ലാം കഴിഞ്ഞ കാര്യങ്ങൾ. അത് ഒരു വിധത്തിലും ബാധിക്കില്ല. പാസ്റ്റ് ഈസ് പാസ്റ്റ്! ഇതു പുതിയ സീസൺ, പുതിയ തുടക്കം, പുതിയ പ്രതീക്ഷകൾ” – എന്നാൽ ഒന്നും മറന്നിട്ടില്ല കേരള ബ്ലാസ്റ്റേഴ്സും മഞ്ഞപ്പടയും. കണക്ക് തീര്‍ക്കാൻ തന്നെയാണ് കൊമ്പന്മാര്‍ കളത്തിലിറങ്ങുന്നത്
പത്താം പതിപ്പിന്‍റെ പകിട്ടുമായെത്തുന്ന ഇന്ത്യൻ സൂപ്പര്‍ ലീഗിന്, തുടങ്ങിവയ്ക്കാൻ ഇതിനേക്കാൾ മികച്ചൊരു മത്സരം കിട്ടാനില്ല. മൂന്ന് തവണ കയ്യെത്തും ദൂരത്ത് നഷ്ടമായ കിരീടം ഇത്തവണ നേടാൻ ഉറച്ച് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. ടീമിൽ അഴിച്ചുപണികൾ ആവോളം നടത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ, പരിക്കേറ്റവര്‍ക്ക് പകരക്കാരില്ലാതെ വീണുപോയ ക്ഷീണം ഇത്തവണയുണ്ടാവില്ല
അന്നത്തെ മത്സരത്തിനിടെ, ബ്ലാസ്റ്റേഴ്സ് ടീമിനെ കളത്തിൽ നിന്നു പിൻവലിച്ച കോച്ച് ഇവാൻ വുക്കോമനോവിച്ചിന്റെ 10 മത്സര വിലക്കു പൂർത്തിയായിട്ടില്ല. 4 മത്സരങ്ങളിൽ കൂടി വിലക്കു നിലനിൽക്കുന്നതിനാൽ അദ്ദേഹത്തിന് ഇന്നു ടീമിനൊപ്പം ഇറങ്ങാനാകില്ല. അന്നത്തെ “വിവാദ’ ഗോളടിച്ച ബെംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രി ഏഷ്യൻ ഗെയിംസ് ഫുട്ബോൾ ടീമിനൊപ്പം ചൈനയിലാണ്.
