Headlines

ഐഎസ്എൽ 11-ാം സീസണിന് ഇന്ന് തുടക്കം; ഉദ്ഘാടന മത്സരത്തിൽ മുംബൈ സിറ്റി എഫ് സി, മോഹൻ ബഗാനെ നേരിടും

മുംബൈ: ഐഎസ്എൽ 11-ാം സീസണിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ മുംബൈ സിറ്റി എഫ് സി, മോഹൻ ബഗാനെ നേരിടും. കൊൽക്കത്തയിൽ  സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വൈകുന്നേരം ഏഴരയ്ക്കാണ് മത്സരം. 13 ടീമുകളാണ് ഈ സീസണിൽ കിരീടം ലക്ഷ്യമിട്ട് പോരിനിറങ്ങുന്നത്. കൊൽക്കത്തൻ ക്ലബ് മുഹമ്മദൻ സ്പോർട്ടിങ്ങാണ് നവാഗതർ. ഞായറാഴ്ചയാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ മത്സരം.ലീഗ് നിയമങ്ങളിലും മാറ്റമുണ്ട്. എല്ലാ ടീമിനും ഇന്ത്യക്കാരനായ സഹപരിശീലകൻ നിർബന്ധം. കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടിനൊപ്പം റഫറി തെറ്റായി ചുവപ്പ് കാർഡ് നൽകിയതിനെതിരെ അപ്പീൽ നൽകാനും അവസരമുണ്ട്.

കേരള ബ്ലാസ്റ്റേഴ്സും പഞ്ചാബ് എഫ് സിയും മോഹൻ ബഗാനും ഇത്തവണ പുതിയ പരിശീലകരുടെ നേതൃത്വത്തിലാണ് കളത്തിലിറങ്ങുന്നത്. ഇവാൻ വുകോമനോവിച്ചിന്‍റെ പകരക്കാരൻ മൈക്കൽ സ്റ്റാറേയിലും പുതിയ താരങ്ങളിലും ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പ്രതീക്ഷയേറെ. ഹൊസെ മൊളീന മോഹൻ ബഗാൻ പരിശീലകനായി തിരിച്ചെത്തുമ്പോൾ പഞ്ചാബിന് തന്ത്രമോതാൻ ഗ്രീക്ക് കോച്ച് പനാഗിയോറ്റിസ് ഡിംപെറിസ്. ജംഷെഡ്പൂര്‍ പരിശീലകന്‍ ഖാലിദ് ജമീലാണ് ലീഗിലെ ഏക ഇന്ത്യൻ മുഖ്യ പരിശീലകന്‍.
നിരവധി താരങ്ങൾ കൂടുമാറ്റം നടത്തിയ സീസണിൽ ശ്രദ്ധാകേന്ദ്രം മോഹൻ ബഗാൻ താരം ജെയ്മി മക്ലാരനാണ്. ഓസ്ട്രേലിയന്‍ ലീഗിലെ എക്കാലത്തെയും വലിയ ടോപ് സ്കോററാണ് മക്ലാരന്‍. മുന്‍ ബ്ലാസ്റ്റേഴ്സ് താരം ദിമിത്രി പെട്രാറ്റോസ് ആയിരിക്കും ബഗാനില്‍ മക്ലാരിന്‍റെ സ്ട്രൈക്കിംഗ് പങ്കാളി. ബാഴ്സലോണയുടെ ലാ മാസിയ അക്കാദമിയില്‍ നിന്നെത്തുന്ന ജോണ്‍ ടോറലാണ് മുംബൈ സിറ്റി എഫ് സിയുടെ ശ്രദ്ധേയനാകുന്ന താരം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: