ന്യൂഡൽഹി: ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച് ഇസ്രയേൽ. ഭീകരതക്കെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തെയും ഇസ്രയേൽ സൈനിക മേധാവി മേജർ ജനറൽ ആമിർ ബറം പ്രശംസിച്ചു. തീവ്രവാദത്തിനെതിരേ ഇന്ത്യയുടെ നീതിപൂർവമായ നടപടികളെ പിന്തുണയ്ക്കുമെന്നും ഇസ്രയേൽ പ്രഖ്യാപിച്ചു.
ഇന്ത്യൻ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇസ്രയേൽ സൈനിക മേധാവി തങ്ങളുടെ നിലപാട് അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിൽ പ്രതിരോധ രംഗത്തെ സഹകരണം ശക്തമാക്കാനും ധാരണയായി. ഇന്ത്യൻ പ്രതിരോധ മന്ത്രാലയം എക്സ് പോസ്റ്റിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്.
ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റിയുവൈൻ അസർ നേരത്തേ തന്നെ ഇന്ത്യയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തിനൊപ്പം നിലകൊള്ളുന്നുവെന്നായിരുന്നു മേയ് ഏഴിന് പങ്കുവെച്ച എക്സ് പോസ്റ്റിലൂടെ അദ്ദേഹം അറിയിച്ചത്.