ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; ലെബനനില്‍ 22 പേര്‍ കൊല്ലപ്പെട്ടു; ഗാസയില്‍ 28 മരണം

ബെയ്‌റൂട്ട്: ലെബനനിലും ഗാസയിലും ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. സെന്‍ട്രല്‍ ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 117 പേര്‍ക്ക് പരിക്കേറ്റതായി ലെബനന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. റാസ് അല്‍-നബാ, ബുര്‍ജ് അബി ഹൈദര്‍ എന്നീ രണ്ട് സമീപ പ്രദേശങ്ങളെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തില്‍ എട്ട് നിലകളുള്ള ഒരു കെട്ടിടം തകര്‍ന്നു. ഹിസ്ബുള്ളയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് ഇസ്രയേലിന്റെ വിശദീകരണം.

തെക്കൻ ലബനനിൽ ഇസ്രയേൽ സൈന്യം ആവർത്തിച്ച് വെടിയുതിർക്കുകയും രണ്ടു സമാധാന സേനാംഗങ്ങൾക്ക് പരുക്കേൽക്കുകയും ചെയ്തതായി യൂണിഫിൽ അറിയിച്ചു. ഏതാനും ദിവസം മുമ്പ് ലെബനന്റെ തെക്കൻ മേഖലയിലുണ്ടായ ആക്രമണത്തിൽ 10 അഗ്നിരക്ഷാസേനാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. ബരാഷീതിലെ അഗ്നിരക്ഷാസേനയുടെ കേന്ദ്രത്തിലായിരുന്നു ആക്രമണം.

ഹിസ്ബുള്ളയുടെ താവളങ്ങൾ ലക്ഷ്യമിട്ട് ഈ മാസം ഒന്നുമുതൽ ഇസ്രയേൽ കരയാക്രമണവും നടത്തി വരികയാണ്. മിസൈലുകൾ, റോക്കറ്റ്‌ വിക്ഷേപണസ്ഥലങ്ങൾ, നിരീക്ഷണ ഗോപുരങ്ങൾ, ആയുധപ്പുരകൾ എന്നിവ തകർത്തെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. അതിർത്തിയിലേക്കെത്താൻ ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന തുരങ്കങ്ങൾ നശിപ്പിച്ചതായും ഇസ്രയേൽ സൈന്യം പറയുന്നു.

ഗാസയിൽ അഭയാർഥികൾ താമസിക്കുന്ന സ്‌കൂളിനു നേരെ ഇസ്രയേൽ സേന നടത്തിയ വ്യോമാക്രമണത്തിൽ 28 പേരാണ് കൊല്ലപ്പെട്ടത്. മധ്യ ഗാസയിലെ പടിഞ്ഞാറൻ ദേർ അൽ-ബാലയിലെ റുഫൈദ സ്‌കൂളിനു നേരെയാണ്‌ വ്യോമാക്രമണമുണ്ടായത്. 50ലേറെ പേർക്ക് പരിക്കേറ്റു. അഭയാർഥി ക്യാമ്പിൽ സ്ത്രീകളും കുട്ടികളും ഭക്ഷണത്തിനായി കാത്തിരിക്കുന്നതിനിടയിലാണ് ഇസ്രയേൽ സൈന്യം ആക്രമണം നടത്തിയത്. യുദ്ധത്തിൽ കുടിയിറക്കപ്പെട്ടവരുടെ അഭയകേന്ദ്രമായി പ്രവർത്തിച്ചുവരികയാണ് റുഫൈദ സ്കൂൾ

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: