ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ സംഘവും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായി റിപ്പോര്‍ട്ട്.കുല്‍ഗാം വനമേഖലയില്‍വെച്ചാണ് വെടിവയ്പ്പുണ്ടായത്.
കുല്‍ഗാമില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭീകരര്‍ സൈന്യത്തിന് നേരെ വെടിവെച്ചത്. സൈന്യം തിരിച്ചടിച്ചു. കഴിഞ്ഞ 5 ദിവസത്തിനിടെ നാലിടങ്ങളില്‍ സൈന്യം ഇവര്‍ക്ക് അടുത്തെത്തിയെന്നാണ് റിപ്പോര്‍ട്ട്.
സൈന്യവും സിആര്‍പിഎഫും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായാണ് ദുര്‍ഘടമായ മേഖലകളില്‍ തിരച്ചില്‍ നടത്തുന്നത്. അനന്ത്നാഗിലെ ഹാപ്പെത് നഗര്‍ ഗ്രാമത്തില്‍വെച്ചാണ് ആദ്യം ഭീകരരെ കണ്ടതെന്നാണ് റിപ്പോര്‍ട്ട്. പക്ഷെ ഇവര്‍ സൈന്യമെത്തുംമുന്‍പേ കടന്നുകളഞ്ഞു.
തുടര്‍ന്ന് കുല്‍ഗാം വനമേഖലയില്‍ ഇവരുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. പക്ഷെ അവിടെനിന്നും ഭീകരര്‍ രക്ഷപ്പെട്ടു. സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്‍ത്ത ശേഷമാണ് ഭീകരര്‍ വനമേഖലയിലേക്ക് കടന്നത്.
മൂന്നാമത് ത്രാല്‍ കോക്കര്‍നാഗ് വനമേഖലയിലാണ് സംഘത്തെ കണ്ടെത്തിയത്. നിലവില്‍ ഇവര്‍ കോക്കര്‍നാഗ് മേഖലയിലുണ്ടെന്നാണ് വിവരം. തെക്കന്‍ കശ്മീരില്‍ നിന്ന് ജമ്മു മേഖലയിലേക്ക് കടക്കാനാണ് സംഘം ശ്രമിക്കുന്നതെന്നാണ് സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍.
ഭീകരര്‍ വനമേഖലയ്ക്ക് അടുത്തുളള ഗ്രാമത്തിലെ വീടുകളിലെത്തി ഭക്ഷണം ആവശ്യപ്പെട്ടെന്നും സുരക്ഷാ ഏജന്‍സിക്ക് വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തെ കണ്ടെത്തിയ നാല് സ്ഥലങ്ങളും അടുത്തടുത്താണുളളത്.
പഹല്‍ഗാമില്‍ നിന്ന് കുല്‍ഗാമിലേക്ക് വനമേഖലയിലൂടെ കടക്കാനാകും. അവിടെ നിന്ന് ത്രാല്‍ കോക്കര്‍നാഗ് മേഖലയിലേക്കും എളുപ്പമെത്താന്‍ സാധിക്കും. അതുകൊണ്ടുതന്നെ തെക്കന്‍ കശ്മീരിലെ വനമേഖലകള്‍ കേന്ദ്രീകരിച്ചാണ് സുരക്ഷാസേന വ്യാപക തിരച്ചില്‍ നടത്തുന്നത്.
ഏപ്രില്‍ 22-നാണ് പഹല്‍ഗാമിലെ ബൈസരണ്‍വാലിയില്‍ ഭീകരാക്രമണമുണ്ടായത്. പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്ന് ഇറങ്ങിവന്ന സംഘം വിനോദസഞ്ചാരികളെ വെടിവെച്ചു കൊല്ലുകയായിരുന്നു. 26 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
